യുക്രെയ്ന്‍ തവിടുപൊടിയാക്കും; ഓരെഷ്‌നിക്ക് മിസൈല്‍ എടുക്കാന്‍ പുടിന്‍

ബ്രിട്ടന്‍ കൊടുത്ത മിസൈലുകള്‍കൊണ്ട് യുക്രെയ്ന്‍ മോസ്‌കോയില്‍ ആക്രമണം നടത്തിയത് റഷ്യയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിക്കൊടുത്തത്. അതിന്റെ ആഘാതത്തില്‍ നിന്ന് റഷ്യ ഇതുവരെയും മോചിതമായിട്ടില്ല...

author-image
Rajesh T L
New Update
BRITAIN

ബ്രിട്ടന്‍ കൊടുത്ത മിസൈലുകള്‍കൊണ്ട് യുക്രെയ്ന്‍ മോസ്‌കോയില്‍ ആക്രമണം നടത്തിയത് റഷ്യയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിക്കൊടുത്തത്. അതിന്റെ ആഘാതത്തില്‍ നിന്ന് റഷ്യ ഇതുവരെയും മോചിതമായിട്ടില്ല...

അതിനിടെയാണ് റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍ ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന ഭീഷണിയുമായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ എത്തിയിരിക്കുകയാണ്. തങ്ങളുടെ കൈവശമുള്ള ഹൈപ്പര്‍സോണിക്ക് ഓരെഷ്‌നിക്ക് മിസൈലുകള്‍ യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് അയക്കുമെന്നും പുട്ടിന്‍ താക്കീത് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം റഷ്യ യുക്രൈന്റെ വൈദ്യുതി സംവിധാനങ്ങള്‍ വന്‍തോതില്‍ തകര്‍ത്ത് തള്ളിയിരുന്നു. കൂടാതെ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടയില്‍ യുക്രൈനിലേക്ക് 100 ഓളം മിസൈലുകളും 466 ഡ്രോണുകളും അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഈ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും യുക്രൈനിലെ വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. 10 ലക്ഷത്തോളം പേരാണ് വൈദ്യുതിയില്ലാതെ യുക്രൈനില്‍ ദുരിതംഅനുഭവിക്കുന്നത്. കീവ്, ഒഡേസ, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളിലാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഒമ്പതരമണിക്കൂറോളം ആക്രമണം നീണ്ടുനിന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

യുക്രൈനിലെ 12 മേഖലകളെയെങ്കിലും മിസൈല്‍ ആക്രമണം ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ അടിയന്തരമായി വൈദ്യുതിമുടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യുക്രൈന്‍ ഊര്‍ജവിതരണ വകുപ്പ് മന്ത്രി ഹെര്‍മന്‍ ഹാലുഷ്ചെങ്കോ പറയുന്നു. തങ്ങളുടെ ഊര്‍ജവിതരണ സംവിധാനത്തെയാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് സംഭവത്തിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ്  സെലന്‍സ്‌കിയും ടെലിഗ്രാമിലൂടെ പ്രതികരിച്ചു. അടുത്തിടെ റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് യുക്രൈയിനിലെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജവിതരണ കമ്പനിയായ ഡി.ടി.ഇ.കെ.യുടെ തെര്‍മല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനവും താറുമാറായിരുന്നു.

2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചശേഷം ഇരുന്നൂറോളം തവണയാണ് ഡി.ടി.ഇ.കെ.യുടെ വിവിധ പ്ലാന്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. യുക്രെയ്നിലുടനീളമുള്ള ഊര്‍ജ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടന്നതായി ഊര്‍ജ മന്ത്രി ഹെര്‍മന്‍ ഹലുഷ്ചെന്‍കോ പറഞ്ഞു.

പലയിടങ്ങളിലും മിസൈല്‍ അവശിഷ്ടം വീണ് തീപിടിച്ചു. എന്നാല്‍, ആളപായമുണ്ടായിട്ടില്ല. വൈദ്യുതി നിലയങ്ങളെ ലക്ഷ്യമിട്ട് ക്ലസ്റ്റര്‍ ബോംബുകളാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആരോപിച്ചത്. റഷ്യന്‍ ഭീകരാക്രമണം വളരെ രൂക്ഷമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം നൂറോളം ഡ്രോണുകളും 90 മിസൈലുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ടെലഗ്രാം സന്ദേശത്തില്‍ സെലന്‍സ്‌കി ചൂണ്ടിക്കാട്ടി.

പുട്ടിന്‍ കഴിഞ്ഞ ദിവസം കസഖിസ്ഥാന്‍ സന്ദര്‍ശിച്ച വേളയിലാണ് യുക്രൈനെതിരെ ഭീഷണി മുഴക്കിയത്. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ കൊണ്ട് റഷ്യയെ കീഴടക്കാമെന്ന് ആരും കരുതണ്ടതില്ലെന്നും ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും പുട്ടിന്‍ യുക്രൈനെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ബ്രിട്ടന്‍ നല്‍കിയ സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് ഈയിടെ യുക്രൈന്‍ റഷ്യയിലേക്ക് ശക്തമായ തോതിലാണ് ആക്രമണം നടത്തിയത്. കീവില്‍ ആക്രമണം നടത്തേണ്ടി വന്നാല്‍ ലക്ഷ്യം വെയ്‌ക്കേണ്ട സ്ഥാപനങ്ങളെ കുറിച്ച് റഷ്യന്‍ സൈന്യം വിലയിരുത്തല്‍ നടത്തുകയാണെന്നും തലസ്ഥാനമായ കീവിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെല്ലാം തന്നെ തകര്‍ത്ത് തള്ളുമെന്നും പുട്ടിന്‍ നേരത്തേയും പ്രഖ്യാപിച്ചിരുന്നു.

ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഓരെഷ്‌നിക്ക് മിസൈലിന് ലണ്ടനില്‍ എത്തിച്ചേരാന്‍ വെറും 20 മിനിട്ട് മാത്രം മതിയാകും. എന്നാല്‍ പുട്ടിന്റെ അവകാശവാദങ്ങളെ ബ്രിട്ടന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. മാത്രമല്ല യുക്രൈന് എല്ലാവിധ സൈനിക സഹായങ്ങളും ഇനിയും നല്‍കുമെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ വ്യക്തമാക്കിയിട്ടുണ്ട്.

britain ukraine russia vladimir putin