/kalakaumudi/media/media_files/2025/09/07/ukr-2025-09-07-14-43-06.jpg)
കീവ്: യുക്രെയ്ന്റെ തലസ്ഥാനമായ കീവില്‍ റഷ്യയുടെ വന്‍ ആക്രമണം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ യുക്രെയ്‌നിലെ പ്രധാന ഭരണകേന്ദ്രങ്ങളില്‍ ഒന്നായ മന്ത്രിസഭാ മന്ദിരവും ആക്രമിക്കപ്പെട്ടു.
മിസൈല്‍ ആക്രമണത്തിന് പിന്നാലെ മന്ത്രിസഭാ മന്ദിരത്തില്‍ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ 2 പേര്‍ മരിച്ചുവെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഒരു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ എത്തി കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു.
രണ്ടാഴ്ചയ്ക്കുള്ളില്‍ കീവില്‍ നടക്കുന്ന രണ്ടാമത്തെ വലിയ മിസൈല്‍ ആക്രമണമാണിത്. ഇതുവരെ യുക്രെയ്‌ന്റെ സര്‍ക്കാര്‍ മന്ദിരങ്ങളെ റഷ്യ ഒഴിവാക്കിയിരുന്നു. എന്നാല്‍ സമാധാന ശ്രമങ്ങളെ കാറ്റില്‍പ്പറത്തിയാണ് യുക്രെയ്ന്‍ മന്ത്രിസഭാ മന്ദിരത്തിനു നേര്‍ക്ക് റഷ്യ ആക്രമണം നടത്തിയിരിക്കുന്നത്. അതേസമയം, കീവ് ആക്രമണത്തിന് മറുപടിയായി റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയിലെ ഡ്രുഷ്ബ എണ്ണ പൈപ്പ് ലൈന്‍ യുക്രെയ്ന്‍ ആക്രമിച്ചു. ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും എണ്ണ വിതരണം ചെയ്യുന്ന ട്രാന്‍സിറ്റ് പൈപ്പ് ലൈനാണ് യുക്രെയ്ന്‍ ആക്രമിച്ചത്.