ഖമേനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍, രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം

ഖമേനി കൊല്ലപ്പെട്ടെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ഡോണള്‍ഡ് ട്രംപ് കുറിച്ചിരുന്നു. യുഎസ് ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമേനിക്ക് കഴിഞ്ഞില്ല. ഖമേനിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നാണ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടത്.

author-image
Biju
New Update
khamenei2

ടെഹ്‌റാന്‍: ഇസ്രയേല്‍, യുഎസ് ആക്രമണങ്ങളില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഖമേനി ഇന്നലെ പുലര്‍ച്ചെ ഓഫിസില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ കൊല്ലപ്പെട്ടതായാണ് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഖമേനി കൊല്ലപ്പെട്ടെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ഡോണള്‍ഡ് ട്രംപ് കുറിച്ചിരുന്നു. യുഎസ്  ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമേനിക്ക് കഴിഞ്ഞില്ല. ഖമേനിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നാണ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ അവകാശവാദത്തിനു പിന്നാലെ ആയത്തുല്ല അലി ഖമനയിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് മരണം വിവരം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

'ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളില്‍ ഒരാളായ ഖമേനി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ഖമേനിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കന്‍ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജന്‍സിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാന്‍ ഖമനയിക്ക് കഴിഞ്ഞില്ല. 

ഇസ്രായേലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഖമനയിക്കും ഒപ്പമുള്ളവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റെവല്യൂഷണറി ഗാര്‍ഡ്, സൈന്യം, മറ്റ് സുരക്ഷാ-പൊലീസ് സേനകളിലെ പലരും ഇനി പോരാടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളില്‍ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങള്‍ അറിയുന്നു. 

ഇന്നലെ രാത്രി ഞാന്‍ പറഞ്ഞതുപോലെ, ''ഇപ്പോള്‍ അവര്‍ക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവര്‍ക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.'' റെവല്യൂഷണറി ഗാര്‍ഡും പൊലീസും ഇറാനിലെ രാജ്യസ്നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അര്‍ഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കില്‍ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും'  ട്രംപ് കുറിച്ചു.

ഷിയാ പാരമ്പര്യത്തില്‍ 'ഹൈദര്‍' അഥവാ 'സിംഹം' എന്നറിയപ്പെടുന്ന ഇമാം അലിയെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്‍ഥനയ്‌ക്കൊപ്പം, തീജ്വാലകള്‍ക്കും ഉല്‍ക്കകള്‍ക്കും ഇടയില്‍ ഇമാം അലി തന്റെ 'ദുല്‍ഫിക്കര്‍ വാള്‍' വീശുന്ന നാടകീയമായ ഒരു ചിത്രമാണ് ആയത്തുല്ല അലി ഖമനിയുടെ എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തില്‍ റമദാന്‍ മാസത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു മതപരമായ സന്ദേശമായി ഇതിനെ കാണാമെങ്കിലും, നിലവിലെ യുദ്ധ സാഹചര്യത്തില്‍ ഇതിന്റെ പ്രതീകാത്മകതയ്ക്ക് വലിയ ആഴമുണ്ട്. ടെഹ്റാനു സമീപം നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടതിനിടെയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.