/kalakaumudi/media/media_files/2026/01/14/action-2026-01-14-08-45-54.jpg)
വാഷിങ്ടണ്‍: ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തില്‍ ഇറാനിലെ ഭരണകൂടത്തിന് കാര്യമായ തകര്‍ച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലില്‍ ഇസ്രയേല്‍. പ്രക്ഷോഭത്തിന് കുറച്ചുകൂടി തീവ്രത വന്ന ശേഷം സൈനിക നടപടി മതിയെന്ന് ഇസ്രയേല്‍ യുഎസിന് ഉപദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ യുഎസ് സൈനിക നടപടി ഇറാനികളെ ഒരുമിപ്പിക്കുമെന്നും പ്രക്ഷോഭത്തിന്റെ തീവ്രത കുറയ്ക്കുമെന്നുമാണ് ഇസ്രയേല്‍ കരുതുന്നത്. ഇറാനിലെ പ്രക്ഷോഭം തുടരാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണിത്.
പ്രക്ഷോഭകാരികള്‍ക്കുള്ള സഹായം വൈകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. സൈനിക നടപടിയേക്കാള്‍ മറ്റ് ചില നീക്കങ്ങളിലൂടെ പ്രക്ഷോഭകാരികളെ സഹായിക്കാനുള്ള മാര്‍ഗമാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാന് മേല്‍ കൂടുതല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നീക്കവും പുരോഗമിക്കുകയാണ്.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളുടെ മേല്‍ 25 ശതമാനം തീരുവ കൂടി ചുമത്തുമെന്ന് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. ഇറാനുമായുള്ള എല്ലാ ചര്‍ച്ചകളും അവസാനിപ്പിച്ചതായും ട്രംപ് വ്യക്തമാക്കി. നിരപരാധികളെ കൊല്ലുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇറാനില്‍ 2,000ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിന് മുകളിലാണെന്ന് രാജ്യാന്തര സംഘടനകള്‍ പറയുന്നു. രാജ്യത്തെ പ്രക്ഷോഭങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞതായി ഇറാനും അവകാശപ്പെടുന്നു
വിപണിയില്‍ നഷ്ടം
തിങ്കളാഴ്ച അപ്രതീക്ഷിത നേട്ടമുണ്ടാക്കിയെങ്കിലും ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലായി. ഇറാന്‍ വിഷയത്തില്‍ യുഎസിന്റെ പുതിയ തീരുവ, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ലാഭമെടുപ്പ് എന്നീ കാരണങ്ങളാണ് വിപണിയെ പിന്നോട്ടടിച്ചത്. മുഖ്യസൂചികയായ സെന്‍സെക്‌സ് 0.30 ശതമാനം നഷ്ടത്തില്‍ 83,627.69 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 0.22 ശതമാനം നഷ്ടത്തോടെ 25,732.30ലും വ്യാപാരം നിറുത്തി. ഇന്നലെ വിദേശ നിക്ഷേപകര്‍ 1,499 കോടി രൂപയുടെ അറ്റ വില്‍പ്പനക്കാരായി. ഇന്ന് ഗിഫ്റ്റ് നിഫ്റ്റി ചുവപ്പിലാണ്. ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യത.
അമേരിക്കന്‍ ഓഹരി വിപണി ഇന്നലെ നഷ്ടത്തിലായിരുന്നു. എസ് ആന്‍ഡ് പി സൂചിക 0.19 ശതമാനം ഇടിഞ്ഞു. മികച്ച സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നിട്ടും നിക്ഷേപകര്‍ ജെപി മോര്‍ഗന്‍ ഓഹരികള്‍ വിറ്റൊഴിച്ചു. ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ ട്രംപിന്റെ പരിഷ്‌ക്കാരങ്ങള്‍ ബാങ്കിങ് ഓഹരികള്‍ക്ക് തിരിച്ചടിയാണെന്ന വിലയിരുത്തലാണ് വിപണിയെ നഷ്ടത്തിലാക്കിയത്. നാസ്ഡാക്ക് 0.1 ശതമാനവും ഡോ 0.8 ശതമാനവും ഇടിവിലാണ് ക്ലോസ് ചെയ്തത്. യു.എസ് ഓഹരികളുടെ ഫ്യൂച്ചര്‍ വ്യാപാരവും ഇടിവിലാണ്.
യൂറോപ്യന്‍ ഓഹരി വിപണി സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാനിലെ പ്രതിസന്ധിയും ഫെഡ് ചെയര്‍മാനെതിരായ നീക്കവുമെല്ലാം നിക്ഷേപകരെ ജാഗ്രതയിലാക്കിയെന്നാണ് വിലയിരുത്തല്‍.
ഏഷ്യന്‍ വിപണികളിലും വ്യാപാരം നടക്കുന്നത് ജാഗ്രതയോടെയാണ്. ജപ്പാനിലെ നിക്കെയ് സൂചിക 1.3 ശതമാനം കുതിച്ച് റെക്കോര്‍ഡിലായി. ജാപ്പനീസ് കറന്‍സിയായ യെന്നിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതോടെയാണ് മുന്നേറ്റം. തുടക്കത്തില്‍ നഷ്ടത്തിലായെങ്കിലും പിന്നീട് മറ്റ് സൂചികകളും പച്ചയിലേക്ക് കയറി. ഷാന്‍ഹായ് സൂചിക 0.38 ശതമാനവും ഹോങ് കോങ് സൂചിക 0.28 ശതമാനവും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണം പുതിയ ഉയരത്തില്‍
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഔണ്‍സിന് 4,600 ഡോളറിന് മുകളിലെത്തി. 4,620 ഡോളറെന്ന നിലയിലാണ് നിലവിലെ വ്യാപാരം. ഇത് റെക്കോര്‍ഡ് വിലയാണ് . കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസ് പണപ്പെരുപ്പ കണക്കുകള്‍ ഫെഡ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമാക്കി. ഇന്ന് പുറത്തുവരാനിരിക്കുന്ന വില്‍പന കണക്കുകളും നിര്‍ണായകമാകും. ഫെഡ് ചെയര്‍മാനെതിരെ ട്രംപ് ഭരണകൂടത്തിന്റെ നീക്കവും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണ്. വെള്ളി വിലയും ഔണ്‍സിന് 90 ഡോളറിനോട് അടുത്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിക്കുമെന്ന് ഉറപ്പായി.
ക്രൂഡ് ഓയില്‍ വില ഇടിവിലാണ്. ഇറാനുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞതോടെ വില മെച്ചപ്പെട്ടെങ്കിലും വീണ്ടും നഷ്ടത്തിലായി. യുഎസിന്റെ ഡബ്ല്യൂടിഐ ബാരലിന് 61 ഡോളറിലെത്തി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് ഓയില്‍ 0.20 ശതമാനം ഇടിഞ്ഞ് 65.26 ഡോളറായി. ബ്രെന്റ് ക്രൂഡ് ഓയില്‍ 0.20 ശതമാനം നഷ്ടത്തോടെ 65.34 ഡോളറിലുമെത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
