യുഎസിന്റെ വിമാനവാഹിനിക്കപ്പലും മൂന്ന് യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയില്‍

പ്രാദേശികസുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാനവാഹിനിക്കപ്പലിനെയും യുദ്ധക്കപ്പലുകളെയും പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത് എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം

author-image
Biju
New Update
kappal2

വാഷിങ്ടണ്‍: യുഎസിന്റെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പശ്ചിമേഷ്യയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് യുദ്ധക്കപ്പലുകളും എബ്രഹാം ലിങ്കണിനൊപ്പമുണ്ട്. യുഎസ്-ഇറാന്‍ ബന്ധം അത്യന്തം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് പശ്ചിമേഷ്യയിലേക്കുള്ള യുഎസ് യുദ്ധക്കപ്പലുകളുടെ വരവ് എന്നത് ഏറെ ശ്രദ്ധേയമാണ്. കപ്പലുകളെത്തുന്നതോടെ പ്രദേശത്തെ യുഎസ് സംഘാംഗങ്ങളുടെ എണ്ണവും വര്‍ധിക്കും.

അതേസമയം, പ്രാദേശികസുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാനവാഹിനിക്കപ്പലിനെയും യുദ്ധക്കപ്പലുകളെയും പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത് എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം. നിമിറ്റ്സ് ക്ലാസില്‍ ഉള്‍പ്പെട്ടതും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍ (സിവിഎന്‍ 72). കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പ് 3-യിലെ പ്രധാന യുദ്ധക്കപ്പലും ഇതാണ്. ജനുവരി 19-ന് മലാക്ക കടലിടുക്കിലൂടെയാണ് ഇത് കടന്നുപോയത്.

യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സണ്‍ ജൂനിയര്‍ (ഡിഡിജി-121), യുഎസ്എസ് സ്പ്രൂവാന്‍സ് (ഡിഡിജി-111), യുഎസ്എസ് മൈക്കിള്‍ മര്‍ഫി (ഡിഡിജി-112) എന്നീ യുദ്ധക്കപ്പലുകളാണ് ആ സമയത്ത് എബ്രഹാം ലിങ്കണ് സുരക്ഷ നല്‍കി ഒപ്പം നീങ്ങിയത്. കഴിഞ്ഞ ഒക്ടോബര്‍ മുതലിങ്ങോട്ട് യുഎസിന്റെ വിമാനവാഹിനിക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക് എത്തിയിട്ടില്ല.

ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് പിടിയിലായവരെ കൂട്ടത്തോടെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നപക്ഷം ഇറാനെതിരേ സൈനികനടപടി കൈക്കൊള്ളുമെന്ന് നേരത്തെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു.