ഖമേനിയെയും മകനെയും വധിക്കുമെന്ന് ട്രംപ്; യുദ്ധത്തിനൊരുങ്ങി ഇറാന്‍

യുറേനിയം സമ്പുഷ്ടീകരണം, മിസൈലുകള്‍, ഉപരോധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ കഴിഞ്ഞ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ ഇരുപക്ഷവും ധാരണയിലെത്തിയതായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

author-image
Biju
New Update
kha4

വാഷിങ്ടന്‍: അണുബോംബ് നിര്‍മിക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയാല്‍, ആണവ സമ്പുഷ്ടീകരണം തുടരാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസിന്റെ ആവശ്യങ്ങള്‍ ഇറാന്‍ അംഗീകരിച്ചില്ലെങ്കില്‍, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയേയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കരുതപ്പെടുന്ന മകനെയും മറ്റ് പുരോഹിത നേതൃത്വത്തെയും വധിക്കാന്‍ ട്രംപിന് പദ്ധതിയുള്ളതായും യുഎസ് പ്രസിദ്ധീകരണമായ ആക്‌സിയോസ് വെളിപ്പെടുത്തുന്നു. മധ്യേഷ്യയില്‍ യുഎസ് വന്‍തോതില്‍ സൈനിക സന്നാഹം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

''രാഷ്ട്രീയമായി ഗുണകരമായ ഒരു കരാര്‍ സ്വീകരിക്കാന്‍ ട്രംപ് തയ്യാറാകും. ആക്രമണം ഒഴിവാക്കണമെങ്കില്‍ ഇറാന്‍ ഞങ്ങള്‍ക്ക് ഒരു വാഗ്ദാനം നല്‍കണം. അവര്‍ സമയം പാഴാക്കുകയാണ്. കളി തുടര്‍ന്നാല്‍ ഞങ്ങളുടെ ക്ഷമ നശിക്കും'' - ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ സാഹചര്യത്തിനും അനുയോജ്യമായ പദ്ധതികള്‍ യുഎസിന്റെ പക്കലുണ്ടെന്നും, അതിലൊന്നാണ് ഖമനയിയേയും മകനെയും വധിക്കുക എന്നതെന്നും ഒരു ഉപദേശകന്‍ വെളിപ്പെടുത്തി.

ആണവ പദ്ധതിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ നയതന്ത്രപരമായ പരിഹാരത്തിനുള്ള പ്രതീക്ഷകള്‍ മങ്ങുന്നതോടെ ഇറാനും യുഎസും സൈനിക സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്ന് ഗള്‍ഫിലെയും യൂറോപ്പിലെയും ഉദ്യോഗസ്ഥര്‍ പറയുന്നു. 2003ലെ ഇറാഖ് അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് യുഎസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇസ്രയേലും യുഎസുമായി ചേര്‍ന്ന് സംയുക്ത സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതായാണ് വിവരം.

യുറേനിയം സമ്പുഷ്ടീകരണം, മിസൈലുകള്‍, ഉപരോധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ കഴിഞ്ഞ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ ഇരുപക്ഷവും ധാരണയിലെത്തിയതായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. വരും ദിവസങ്ങളില്‍ ഇറാന്‍ രേഖാമൂലമുള്ള നിര്‍ദേശം സമര്‍പ്പിക്കും. ഇറാന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ വളരെ വിശദമായിരിക്കണമെന്നും അത് ആണവപദ്ധതി സമാധാനപരമാണെന്ന് തെളിയിക്കുന്നതായിരിക്കണമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം ഇറാനില്‍ പരിമിതമായ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് സൂചന അമേരിക്കയില്‍നിന്നും വന്നതിനു പിന്നാലെ പോര്‍ച്ചുഗലിലെ ലാജെസ് വിമാനത്താവളത്തില്‍ യുഎസ് സൈനിക വിമാനങ്ങള്‍ ഇറങ്ങി. യുദ്ധവിമാനങ്ങള്‍ക്കൊപ്പം റീഫ്യൂവലിംഗ് ടാങ്കറുകള്‍ ചരക്കുനീക്കം സാധ്യമാക്കുന്ന സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ എന്നിവയാണ് ഇവിടേയ്ക്ക് എത്തിയത്.