ഇറാന്‍ -യുഎസ് സമാധാന ചര്‍ച്ച; എല്ലാ കണ്ണുകളും മസ്‌കറ്റിലേക്ക്

ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതികളാണ് പ്രധാന വിഷയം. ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിന്ന് ഇറാന്‍ പിന്മാറണമെന്നും ഇതിനായി യുഎസുമായി ധാരണയിലെത്തണമെന്നും പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു

author-image
Biju
New Update
iran muscat

മസ്‌കറ്റ്: ഇറാനും അമേരിക്കയും യുദ്ധം ഒഴിവാക്കാനുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നു. ഇന്ന് രാവിലെ 10ന് ഒമാനിലെ മസ്‌കറ്റിലാണ് സമവായ ചര്‍ച്ച. ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതികളാണ് പ്രധാന വിഷയം. ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിന്ന് ഇറാന്‍ പിന്മാറണമെന്നും ഇതിനായി യുഎസുമായി ധാരണയിലെത്തണമെന്നും പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ അതിന് വഴങ്ങാത്ത പശ്ചാത്തലത്തിലായിരുന്നു വമ്പന്‍ കപ്പല്‍പ്പട (അര്‍മാഡ) ഇറാനെ ഉന്നമിട്ട് അയച്ചുകൊണ്ട് ട്രംപ് ആക്രമണ ഭീഷണി മുഴക്കിയത്.

ആക്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും മധ്യേഷ്യയാകെ യുദ്ധകലുഷിതമാകുമെന്നും ഇറാനും പ്രതികരിച്ചിരുന്നു. അതേസമയം, ചര്‍ച്ച പൊളിഞ്ഞാല്‍ ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖമനയി ദുഃഖിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ വിശദീകരിക്കാന്‍ ട്രംപ് തയാറായില്ല.

ഇറാന്‍-യുഎസ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയതോടെ എണ്ണവില (ക്രൂഡ് ഓയില്‍) വില ഇടിഞ്ഞു. കഴിഞ്ഞവാരം ബാരലിന് 70 ഡോളര്‍ വരെയെത്തിയ ബ്രെന്റ് ക്രൂഡ് വില ഇപ്പോഴുള്ളത് 68.50 ഡോളറില്‍. ഇന്നുമാത്രം 1.38% കുറഞ്ഞു. 66 ഡോളര്‍ നിലവാരത്തില്‍ നിന്ന് ഡബ്ല്യുടിഐ ക്രൂഡ് വില 62 ഡോളറിലേക്കും ഒരുഘട്ടത്തില്‍ ഇടിഞ്ഞെങ്കിലും പിന്നീട് 64ലേക്ക് കയറി.

അമേരിക്കയുടെ ഉപരോധമുള്ളതിനാല്‍ ആഗോള എണ്ണ ഉല്‍പാദന, കയറ്റുമതി രംഗത്ത് ഇറാന്‍ ഇപ്പോള്‍ നിര്‍ണായകശക്തി അല്ല. എന്നാല്‍, ഇറാനും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ അംഗമാണ്. മാത്രമല്ല, ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ മുഖ്യപങ്കും പോകുന്നത് ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇറാന്‍-യുഎസ് യുദ്ധമുണ്ടായാല്‍ ഗള്‍ഫ് എണ്ണയുടെ ഉല്‍പാദനം, ഹോര്‍മുസ് വഴിയുള്ള നീക്കം എന്നിവ തടസ്സപ്പെട്ടേക്കുമെന്ന ഭീതിയാണ് കഴിഞ്ഞവാരം എണ്ണവിലയെ മുന്നോട്ട് നയിച്ചത്.

iran