സൈനിക വിമാനത്തില്‍ നാടുകടത്തി

നിരപരാധികളായ അമേരിക്കക്കാര്‍ക്കെതിരെ നികൃഷ്ടവും ഹീനവുമായ കുറ്റങ്ങള്‍ ചെയ്യുന്ന അനധികൃത കുടിയേറ്റക്കാര്‍ ദേശ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ട്രംപ് ഒപ്പിട്ട സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു

author-image
Biju
New Update
rth

us army

വാഷിങ്ടണ്‍: തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാള്‍ ഉള്‍പ്പെടെ 538 അനധികൃത കുടിയേറ്റക്കാരെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. 

ചരിത്രത്തിലെ ഏറ്റവും വലിയ വലിയ നാടുകടത്തല്‍ ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്ന് കരോലിന്‍ കൂട്ടിച്ചേര്‍ത്തു. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ചിലരുടെ പേരുകളും അവര്‍ ചെയ്ത കുറ്റകൃത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയും നാടുകടത്തിയിട്ടുണ്ട്.

നിരപരാധികളായ അമേരിക്കക്കാര്‍ക്കെതിരെ നികൃഷ്ടവും ഹീനവുമായ കുറ്റങ്ങള്‍ ചെയ്യുന്ന അനധികൃത കുടിയേറ്റക്കാര്‍ ദേശ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ട്രംപ് ഒപ്പിട്ട സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 

അതേസമയം അറസ്റ്റ് ഭീഷണിയുള്ളതിനാല്‍ കാലിഫോര്‍ണിയ, ഷിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കെത്തിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും അനധികൃത കുടിയേറ്റക്കാരാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എന്നാല്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിന് മുന്നോടിയായി മെക്സിക്കോ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. അതിര്‍ത്തിയില്‍ അഭയാര്‍ഥിക്കൂടാരങ്ങള്‍ പണിയാന്‍ ആരംഭിച്ചു. യു.എസ്. സംസ്ഥാനമായ ടെക്സസിലെ എല്‍ പാസോയോടുചേര്‍ന്ന സ്യുഡാഡ് ഹ്വാരെസിലാണ് കൂടാരങ്ങളുണ്ടാക്കുന്നത്.

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച് അമേരിക്കയില്‍ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ട്. ട്രംപ് ഭരണകൂടം അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.