/kalakaumudi/media/media_files/2025/08/22/jishnkr-2025-08-22-08-05-57.jpg)
മോസ്‌കോ : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍ റഷ്യ സന്ദര്‍ശനത്തിലാണ് എസ് ജയശങ്കര്‍. അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തില്‍, റഷ്യയുമായുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദേശകാര്യ മന്ത്രിയുടെ റഷ്യ സന്ദര്‍ശനം. ഇതിനായി റഷ്യയിലെ പ്രധാന വ്യാപാര, നിക്ഷേപ കമ്പനികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുടെ ജിഡിപി 4 ട്രില്യണ്‍ യുഎസ് ഡോളറില്‍ കൂടുതലാണെന്നും 7 ശതമാനം നിരക്കില്‍ വളരുന്ന ഇന്ത്യയ്ക്ക് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് വലിയ വിഭവങ്ങള്‍ ആവശ്യമാണെന്നും ജയശങ്കര്‍ റഷ്യന്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇന്ത്യയും റഷ്യയും ഏറെക്കാലമായി തന്ത്രപരമായ പങ്കാളികളും മികച്ച സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളും ആണെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വലിയ രീതിയില്‍ പുരോഗമിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ആഗോള സാഹചര്യങ്ങള്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായകരമാണ് എന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സംരംഭങ്ങളെയും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെയും കുറിച്ച് വിദേശകാര്യ മന്ത്രി റഷ്യന്‍ കമ്പനികളുമായുള്ള ചര്‍ച്ചയില്‍ പങ്കുവെച്ചു. ഇന്ത്യയില്‍ വിദേശ കമ്പനികള്‍ക്ക് ധാരാളം സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അതിവേഗം വളരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ സംരംഭങ്ങള്‍ക്ക് മികച്ച ബിസിനസ്സ് അവസരങ്ങള്‍ നല്‍കുന്നു. വളങ്ങള്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ എന്നിവയുടെ വിതരണം ഉറപ്പാക്കാന്‍ കഴിയും. ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ നിലപാടുകളെ തുടര്‍ന്ന് ഇന്ത്യയും റഷ്യയും തമ്മിലുള്ള പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയും കൂടുതല്‍ ഊഷ്മളമാവുകയും ചെയ്യുകയാണ് എന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.