/kalakaumudi/media/media_files/2026/01/03/ven2-2026-01-03-15-32-37.jpg)
വാഷിങ്ടണ്‍: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശികസമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായി എഫ്എഫ്പി മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ആണ് ബോംബാക്രമണത്തിന് പിന്നിലെന്നാണ് സൂചന.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വെനസ്വേലയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വെനസ്വേലയ്‌ക്കെതിരേ സൈനിക നീക്കം നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുലച്ചെയോടെ വെനസ്വേലയുടെ വിവിധയിടങ്ങളില്‍ ബോംബാക്രമണങ്ങള്‍ ഉണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാരക്കാസ്, മിറാന്‍ഡ, അറാഹുവ, ലാഗുവൈറെ തുടങ്ങിയിടങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. വെനസ്വേലയുടെ പ്രധാന സൈനിക താവളത്തിനടുത്തുള്ള നഗരത്തിലും സ്‌ഫോടനം നടന്നതായാണ് വിവരം. സ്‌ഫോടനത്തെക്കുറിച്ച് യുഎസ് അധികൃതരോ വെനസ്വേലയോ ഒദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ ഡോണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചിരുന്നു. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു. നിക്കോളാസ് മഡുറോ സ്ഥാനമൊഴിയണമെന്നാണ് ട്രംപിന്റെ ആവശ്യം.
അതേസമയം, വെനസ്വേലയിലെ വലിയ എണ്ണശേഖരം സ്വന്തമാക്കാനാണ് ട്രംപിന്റെ ശ്രമമെന്നാണ് മഡുറോ ആരോപിക്കുന്നത്. മഡുറോയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വെനസ്വേലന്‍ ജലാശയങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളേയും ഉപരോധിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
