/kalakaumudi/media/media_files/2025/02/06/bZvPgwdZzPJl5thkXtQH.jpg)
A U.S. military plane deporting Indian immigrants lands in Amritsar, India Feb. 5
ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര നരകതുല്യമായിരുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാര്‍ പറഞ്ഞു. നാടുകടത്തപ്പെട്ട 104 പേരില്‍ 19 പേര്‍ സ്ത്രീകളും 13 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമായിരുന്നു ഉണ്ടായിരുന്നത്.
കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നും അമൃത്സറില്‍ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്നും സൈനിക വിമാനത്തില്‍ എത്തിയവര്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് സൈനിക വിമാനത്തില്‍ കയറുമ്പോള്‍ തുടര്‍ച്ചയായി 40 മണിക്കൂര്‍ വാഷ്‌റൂം ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ലെന്നും അവര്‍ പറഞ്ഞു.
യാത്ര 'നരകത്തേക്കാള്‍ മോശമായിരുന്നു' എന്ന് 40 കാരനായ ഹര്‍വീന്ദര്‍ സിംഗ് വിശേഷിപ്പിച്ചു. ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്ക് ശേഷമാണ് ഞങ്ങളെ ശുചിമുറിയിലേക്ക് പോകാന്‍ അനുവദിച്ചത്. ജോലിക്കാര്‍ ശൗചാലയത്തിന്റെ വാതില്‍ തുറന്ന് ഞങ്ങളെ അകത്തേക്ക് തള്ളിവിടും,' ഹര്‍വീന്ദര്‍ സിംഗ് പറഞ്ഞു. കൈകള്‍ കെട്ടിയിട്ട് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരായതിനാല്‍ 40 മണിക്കൂര്‍ ആളുകള്‍ക്ക് ശരിയായി ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുഴുവന്‍ യാത്രയും ശാരീരികമായി മാത്രമല്ല മാനസികമായും തളര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കന്‍ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങിയത്. സി - 17 യു എസ് സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിലാണ് നാടുകടത്തിയത്.
'ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്ന് ഞങ്ങള്‍ കരുതി. പിന്നീട് ഞങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ കൈകളും കാലുകളും ചങ്ങലയില്‍ ബന്ധിച്ചു.
ഇവ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് നീക്കം ചെയ്തത്' പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36 കാരനായ ജസ്പാല്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അതേസമയം അമേരിക്കന്‍ സൈനിക വിമാനത്തില്‍ മടങ്ങി എത്തിയവരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നതെന്ന വാദം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തള്ളിക്കളഞ്ഞു.
ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച അനധികൃത കുടിയേറ്റക്കാരുടേതെന്ന നിലയില്‍ പ്രചരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിഐബി വിശദീകരിച്ചു. അമേരിക്ക - മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.