കുവൈറ്റ് യുഎസ് എംബസിയും അടച്ചു; 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞെന്ന്് കുവൈറ്റ്

കുവൈത്ത് ആയുധസേന പൂര്‍ണ ജാഗ്രതാ നിലയില്‍ 24 മണിക്കൂറും ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ സംഭവവികാസങ്ങളും നിരന്തരം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയാണെന്നും വക്താവ് പറഞ്ഞു.

author-image
Biju
New Update
kuwait

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഇറാന്‍ ആക്രമണം കടുപ്പിച്ചതോടെ ഇവിടുത്തെയും യുഎസ് എംബസി അടച്ചു. നേരത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെയും യുഎസ് എംബസിയും അടച്ചിരുന്നു. 
ഇറാന്‍ നടത്തുന്ന ആക്രമണം ആരംഭിച്ചതു മുതല്‍ ആകെ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് കേണല്‍ സൗദ് അല്‍-അത്വാന്‍ അറിയിച്ചു പ്രകാരം, പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനു ശേഷം കുവൈത്ത് സൈന്യത്തിലെ 27 അംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യനില സ്ഥിരതയിലാണെന്നും, രണ്ടുപേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റ് നേവല്‍ സേനയിലെ രണ്ട് സൈനികര്‍ക്ക് വീരമൃത്യുവും സംഭവിച്ചു.

കുവൈത്ത് ആയുധസേന പൂര്‍ണ ജാഗ്രതാ നിലയില്‍ 24 മണിക്കൂറും ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ സംഭവവികാസങ്ങളും നിരന്തരം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയാണെന്നും വക്താവ് പറഞ്ഞു.

ഇക്കാലയളവില്‍ പൗരന്മാരും പ്രവാസികളും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ ആശ്രയിക്കാവൂ എന്നും, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വീഡിയോകളും പങ്കുവെക്കാതിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ദേശീയ ഉത്തരവാദിത്തം പാലിച്ച് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.