/kalakaumudi/media/media_files/2025/01/23/2Yw84jzqULKpYzbva143.jpg)
us fire
വാഷിങ്ടണ്‍: കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ പടരുന്നു. ലോസ് ആഞ്ചലസില്‍ 2 മണിക്കൂറില്‍ അയ്യായിരം ഏക്കറിലേക്ക് തീ പടര്‍ന്നു. തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ആശങ്ക പങ്കുവയ്ക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ഏഴിടത്തായാണ് ലോസ് ആഞ്ചലസില്‍ കാട്ടുതീ പടരുന്നത്. ഇതില്‍ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു.
അമേരിക്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തബാധിത മേഖലയില്‍ എത്തിയിട്ടുണ്ട്. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. ഒരു വിധം കാട്ടുതീയില്‍ നിന്ന് ലോസ് ആഞ്ചലസ് രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായത്.
ദക്ഷിണ കാലിഫോര്‍ണിയയില്‍ ലോസ് ആഞ്ജലസ് കൗണ്ടിയുടെ പടിഞ്ഞാറന്‍ പ്രാന്തത്തിലെ പസിഫിക് പാലിസേഡ്‌സ്, ഈറ്റണ്‍ പ്രദേശങ്ങളിലായി സാന്റാമോണിക്ക മലനിരകളില്‍ ജനുവരി ഏഴിന് ചൊവ്വാഴ്ച പൊട്ടിപ്പുറപ്പെട്ട കാട്ടുതീ ഭീകരമായ തീച്ചുഴലിയായി കൂടുതല്‍ ഇടങ്ങളിലേക്ക് പടര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അന്ന് 23,713 ഏക്കറുകളിലേക്ക് വ്യാപിച്ച തീ പസിഫിക് പാലിസേഡ്‌സ്, മാലിബു പ്രദേശങ്ങളെ നിലംപരിശാക്കി. 24 പേര്‍ വെന്തുമരിച്ചു, 15,000 കെട്ടിടങ്ങള്‍ നാമാവശേഷമായി.
ഒന്നരലക്ഷത്തോളം പേര്‍ ഭവനരഹിതരായി. ഇനിയും കെട്ടടക്കാനാവാത്ത തീ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തബാധയായി മാറുകയാണ്. ഇതുവരെ 150 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി എന്നാണ് കണക്ക്. ഏറ്റവുമൊടുവില്‍ മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വസതിവരെ കാട്ടുതീ എത്തുന്ന സാഹചര്യമുണ്ടായി. മലകളും കടല്‍ത്തീരവും ഒരുമിച്ചു ചേരുന്ന സുഖവാസകേന്ദ്രമായ ഇവിടെ ഭൂരിഭാഗവും ഹോളിവുഡിലെ പ്രമുഖ താരങ്ങളടക്കം അമേരിക്കയിലെ അതിപ്രശസ്തരും അതിസമ്പന്നരുമാണ് കഴിഞ്ഞുവരുന്നത്.
കഴിഞ്ഞവര്‍ഷം സ്വകാര്യ ഏജന്‍സി പുറത്തുവിട്ട കണക്കു പ്രകാരം ലോസ് ആഞ്ജലസില്‍ 2,12,100 കോടീശ്വരന്മാരും 43 ശതകോടീശ്വരന്മാരുമുണ്ട്. നേര്‍വിപരീതത്തില്‍ രാജ്യത്തെ ഏറ്റവുമധികം ഭവനരഹിതര്‍ ഉള്ളതും അവിടെതന്നെ. മധ്യവര്‍ഗക്കാരും തൊഴിലാളികളുമായവര്‍ ഇതിനിടയിലും. വന്‍ശക്തികളുടെ യുദ്ധത്തീ പോലെയല്ല, പ്രകൃതിദുരന്തമായ തീക്കാറ്റ്. അതിന് അധീശ-അടിയാള ഭേദമില്ല.
തീപിടിച്ച വാര്‍ത്ത പുറത്തുവന്നപ്പോഴേക്കും സാന്റാ മോണിക്ക പര്‍വതനിരകളിലെ സാന്‍ന്റാ അന കാറ്റ് തീവ്രത പ്രാപിച്ച് തീ ആളിപ്പടര്‍ന്നു. അഗ്‌നിബാധയുടെ തുടക്കം എവിടെ, എങ്ങനെ എന്നതുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ പലതും നടക്കുന്നുണ്ടെങ്കിലും ശരിയായ നിഗമനത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
കാലിഫോര്‍ണിയയില്‍ ഒരു തീക്കാലമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും അത് എവിടെ എങ്ങനെ കലാശിക്കുമെന്ന് പറയാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. പുകഞ്ഞു തുടങ്ങിയ വിവരം കിട്ടിയിട്ടും തീയണക്കാനുള്ള ശ്രമമുണ്ടായില്ലെന്നും ലോകത്തെവിടെയും ചുട്ടുകരിക്കാന്‍ ചാടിയിറങ്ങുന്ന അമേരിക്കക്ക് സ്വന്തം ജനതയുടെ സുരക്ഷക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്നും പരാതി വ്യാപകമായി ഉയരുന്നുണ്ട്.
വര്‍ഷംതോറും ആവര്‍ത്തിക്കപ്പെടുന്ന കാട്ടുതീയില്‍നിന്ന് രക്ഷനേടാനുള്ള ഭരണപരമായ നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. ഒപ്പം കാലാവസ്ഥ വ്യതിയാനമെന്ന ഗുരുതര പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിന് പലപ്പോഴും അള്ളുവെക്കാന്‍ മുതിരുന്നുവെന്ന പേരുദോഷവും അമേരിക്കക്കുണ്ട്. യു.എസ് ഫോറസ്റ്റ് സര്‍വിസ് ഇക്കോളജിസ്റ്റ് ആയ ഗാവിന്‍ ജോണ്‍സ് 2023ല്‍ അഗ്‌നിബാധയുടെ വരുംകാല വര്‍ധന പ്രവചിച്ചിട്ടുണ്ട്.
ആഗോളതാപനം നിമിത്തം വരണ്ട പ്രദേശങ്ങളിലുണ്ടാകുന്ന വര്‍ധനയും ഊഷരകാലത്തിനുണ്ടാകുന്ന ദൈര്‍ഘ്യവും എവിടെയും എപ്പോഴും ദുരന്തം ക്ഷണിച്ചുവരുത്താമെന്നതാണ് നില. ഈ വിഷയത്തില്‍ യു.എസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയും (ഇ.പി.എ) കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതു മുന്‍കൂട്ടി കണ്ടുള്ള പ്രതിരോധങ്ങള്‍ക്ക് ഭരണകൂടം ഇനിയും തുനിഞ്ഞിറങ്ങിയിട്ടില്ല.
തീപിടിത്തങ്ങളെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ നടത്തിയ അമേരിക്കന്‍ വിദഗ്ധന്‍ സ്റ്റീഫന്‍ പൈന്‍ പറയുന്നത് കാലിഫോര്‍ണിയയിലെ ദുരന്തം മനുഷ്യനിര്‍മിതമാണെന്നാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടറിയാനും രക്ഷനേടാനുമുള്ള ശ്രമം ബോധപൂര്‍വം നടത്തിയില്ലെങ്കില്‍ ലോസ് ആഞ്ജലസിന്റെ അനുഭവം കൂടുതല്‍ വ്യാപിക്കുമെന്നതില്‍ സംശയമില്ല.
മഴക്കമ്മി നേരിടുന്ന കാലിഫോര്‍ണിയയുടെ 39.1 ഭാഗം മാത്രമേ കഴിഞ്ഞ വര്‍ഷം മഴ കിട്ടിയിരുന്നുള്ളൂ. അവശിഷ്ടപ്രദേശങ്ങള്‍ അസാധാരണമാം വിധം വരണ്ടതാണ്. അതിവരള്‍ച്ച വനമേഖലയിലെ സസ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കും. വരണ്ടുണങ്ങിയ കാടും പുല്‍മേടുകളും ചെറിയൊരു തീപ്പൊരി വീണാല്‍ കത്തിപ്പടരുകയായി.
താഴ്ന്നുകിടക്കുന്ന വൈദ്യുതി കേബിളുകളും മരനിര്‍മിത ടെലഫോണ്‍ പോസ്റ്റുകളും തീപിടിത്ത, പടര്‍ച്ച സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. ഇത്തരം വീഴ്ചകള്‍ തടയാന്‍പോലും ഭരണകൂടത്തിന് ജാഗ്രതയില്ല.
കാലാവസ്ഥ വ്യതിയാനംപോലെ കൃത്യമായ നയനിലപാടുകള്‍ സ്വീകരിച്ച് ദീര്‍ഘദൂര പ്രതിരോധത്തിന് മുതിരേണ്ട വിഷയങ്ങളില്‍ അവര്‍ക്ക് താല്‍പര്യവുമില്ല. അങ്ങനെ, കാലാവസ്ഥ വ്യതിയാനവും പിഴച്ച നഗരാസൂത്രണവും താളംതെറ്റിയ പ്രതിസന്ധി/ദുരന്ത മാനേജ്‌മെന്റും എല്ലാം ചേര്‍ന്ന് കാലിഫോര്‍ണിയയിലെപോലെ പൊട്ടിത്തെറിക്കുമ്പോള്‍ നിസ്സഹായരായി നില്‍ക്കാനേ അധികാരികളടക്കമുള്ള മനുഷ്യര്‍ക്ക് കഴിയുന്നുള്ളൂ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
