/kalakaumudi/media/media_files/2025/03/10/vEOtatgGnZTTW2yfBDwb.jpg)
ലണ്ടന്‍ : ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ തീരത്ത് വടക്കന്‍ കടലില്‍ ചരക്ക് കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് കത്തി. 30 പേര്‍ അപകടത്തില്‍പ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിപക്ഷം പേരെയും തീ പടര്‍ന്ന കപ്പലില്‍ നിന്ന് കരയില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ച് അറിവായിട്ടില്ല.
യുഎസ് കമ്പനിയുടെ സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന ടാങ്കറും പോര്‍ച്ചുഗലിന്റെ സോളോങ് എന്ന ചരക്ക് കപ്പലുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. കൂട്ടിയിടി നടന്ന പ്രദേശം തിരക്കേറിയ കപ്പല്‍ പാതയാണ്.
ബ്രിട്ടന്റെ വടക്കുകിഴക്കന്‍ തീരത്തുള്ള തുറമുഖങ്ങളില്‍ നിന്ന് നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി എന്നിവിടങ്ങളിലേക്ക് ഗതാഗതം നടക്കുന്ന പാതയിലാണ് അപകടം. സ്‌കോട്ടിഷ് തുറമുഖമായ ഗ്രാഞ്ച്മൗത്തില്‍ നിന്ന് പുറപ്പെട്ട് നെതര്‍ലാന്‍ഡിലേക്ക് പോകുകയായിരുന്നു ചരക്കു കപ്പല്‍. ഗ്രീസില്‍ നിന്ന് പുറപ്പെട്ടതാണ് ഓയില്‍ ടാങ്കര്‍. ബ്രിട്ടീഷ് തീരസംരക്ഷണ സേനയും അഗ്‌നിശമന സേനയും അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.