യുഎസ് സര്‍ക്കാരിന്റെ അടച്ചു പൂട്ടല്‍ തുടരുന്നു,7,50,000 ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധിത അവധിയിലേക്ക്

ഏകദേശം 7,50,000 ഫെഡറല്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കും. അവര്‍ ജോലിയില്‍ തിരിച്ചെത്തുന്നതുവരെ ശമ്പളം തടഞ്ഞുവയ്ക്കും. സൈന്യം, അതിര്‍ത്തി രക്ഷാ ഏജന്റുമാര്‍ തുടങ്ങിയ അവശ്യ തൊഴിലാളികള്‍ ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകും.

author-image
Biju
New Update
us

വാഷിങ്ടണ്‍: യുഎസ് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകള്‍ നിരസിച്ചതോടെ അടച്ചു പൂട്ടല്‍ നടപടി തുടരുന്നു. യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട ഈ സാഹചര്യം വിവധ വെട്ടിച്ചുരുക്കലുകളിലേക്കും പിരിച്ചുവിടലുകളിലേക്കും നീങ്ങാന്‍ സാധ്യതയുണ്ട് . പല പൊതുമേഖലാ ജീവനക്കാരേയും പിരിച്ചുവിടുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.

ഏകദേശം 7,50,000 ഫെഡറല്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കും. അവര്‍ ജോലിയില്‍ തിരിച്ചെത്തുന്നതുവരെ ശമ്പളം തടഞ്ഞുവയ്ക്കും. സൈന്യം, അതിര്‍ത്തി രക്ഷാ ഏജന്റുമാര്‍ തുടങ്ങിയ അവശ്യ തൊഴിലാളികള്‍ ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകും.

മുന്‍കാല അടച്ചുപൂട്ടലുകളേക്കാള്‍ ഉയര്‍ന്ന അപകടസാധ്യതകളാണ് ഈ പ്രതിസന്ധിക്കുള്ളത്, സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കടുത്ത വലതുപക്ഷ നയങ്ങള്‍ നടപ്പിലാക്കാന്‍ ട്രംപ് തീരുമാനച്ചിരിക്കെ, പലനിര്‍ബന്ധിത അവധികളും കൂട്ട പിരിച്ചുവിടലുകളായി മാറിയേക്കാം.

''വെട്ടലുകള്‍ എവിടെയൊക്കെ നടത്താമെന്ന് തിരിച്ചറിയാന്‍ വൈറ്റ് ഹൗസ് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പിരിച്ചുവിടലുകള്‍ ആസന്നമാണെന്നും'' എന്നും ട്രംപിന്റെ വക്താവ് കരോലിന്‍ ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാഷിംഗ്ടണില്‍ അടച്ചുപൂട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഒരു സവിശേഷതയാണ്, എന്നിരുന്നാലും 2019 ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്തെ 35 ദിവസത്തെ റെക്കോര്‍ഡ് ഷട്ട് ഡൌണിനുശേഷം ഇത് ആദ്യമാണ്.

ദേശീയ പാര്‍ക്കുകള്‍ മുതല്‍ പെര്‍മിറ്റ് അപേക്ഷകള്‍ അനുവദിക്കുന്നതുവരെ സാധാരണക്കാര്‍ക്കുള്ള ഒന്നിലധികം സേവനങ്ങള്‍ പ്രതിസന്ധിയിലാകും.

donald trump