യുഎസില്‍ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍; ഏഴ് വര്‍ഷത്തിന് ശേഷം ആദ്യം, ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും

അര്‍ദ്ധരാത്രി സമയം അവസാനിച്ചതോടെ സര്‍ക്കാര്‍ ഫണ്ടിംഗ് പ്രതിസന്ധിയിലായി. ഷട്ട്ഡൗണ്‍ കാരണം, അടിയന്തിരമല്ലാത്ത എല്ലാ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടും. ഇതോടെ, ലക്ഷക്കണക്കിന് സിവില്‍ സര്‍വീസുകാര്‍ക്ക് താല്‍ക്കാലികമായി ശമ്പളം ലഭിക്കാതെ വരും

author-image
Biju
New Update
shutdown

വാഷിങ്ടണ്‍: യുഎസ് സര്‍ക്കാരിന്റെ ഫണ്ടിംഗ് പാക്കേജ് പാസാക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമങ്ങളെ ഡെമോക്രാറ്റുകള്‍ തടഞ്ഞതോടെ, ഏഴ് വര്‍ഷത്തിനിടെ ആദ്യമായി രാജ്യം ഔദ്യോഗികമായി ഷട്ട്ഡൗണിലേക്ക് നീങ്ങി. 

അര്‍ദ്ധരാത്രി സമയം അവസാനിച്ചതോടെ സര്‍ക്കാര്‍ ഫണ്ടിംഗ് പ്രതിസന്ധിയിലായി. ഷട്ട്ഡൗണ്‍ കാരണം, അടിയന്തിരമല്ലാത്ത എല്ലാ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടും. ഇതോടെ, ലക്ഷക്കണക്കിന് സിവില്‍ സര്‍വീസുകാര്‍ക്ക് താല്‍ക്കാലികമായി ശമ്പളം ലഭിക്കാതെ വരും. കൂടാതെ നിരവധി സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യ വിതരണത്തിലും തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അവശ്യ സേവന വിഭാഗത്തില്‍പ്പെട്ട സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരും. അതേസമയം, അടിയന്തിരമല്ലാത്ത ജീവനക്കാരെ താല്‍ക്കാലിക അവധിയില്‍ പ്രവേശിപ്പിക്കും. 

കണക്കുകള്‍ പ്രകാരം, പ്രസിഡന്റ് സ്ഥിരമായി പിരിച്ചുവിടാന്‍ തീരുമാനിച്ചില്ലെങ്കില്‍ പോലും, ഏകദേശം 750,000 ഫെഡറല്‍ ജീവനക്കാര്‍ക്ക് താല്‍ക്കാലികമായി അവധി നല്‍കേണ്ടിവരും. ഷട്ട്ഡൗണ്‍ നീണ്ടുപോയാല്‍, ജീവനക്കാരില്‍ കുറേ പേരെയെങ്കിലും സ്ഥിരമായി പിരിച്ചുവിടുമെന്ന് പ്രസിഡന്റ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. സാധാരണഗതിയില്‍, ഷട്ട്ഡൗണ്‍ അവസാനിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് കുടിശ്ശിക ശമ്പളം നല്‍കാറുണ്ട്.

ഷട്ട്ഡൗണ്‍ കാലത്തും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നത് എന്തെല്ലാം?

ഷട്ട്ഡൗണ്‍ സമയത്തും ചില സുപ്രധാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരും.

നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികള്‍

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍.

ആശുപത്രികളിലെ ചികിത്സാ പരിചരണം, അതിര്‍ത്തി സംരക്ഷണം, നിയമ നിര്‍വ്വഹണം, എയര്‍ ട്രാഫിക് നിയന്ത്രണം എന്നിവയും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സോഷ്യല്‍ സെക്യൂരിറ്റി, മെഡികെയര്‍ ചെക്കുകള്‍ അയക്കുന്നത് തുടരും, എന്നാല്‍ ആനുകൂല്യങ്ങളുടെ പരിശോധനകളും കാര്‍ഡ് വിതരണവും നിലച്ചേക്കാം.

താല്‍ക്കാലികമായി നിലയ്ക്കാന്‍ സാധ്യതയുള്ള സേവനങ്ങള്‍

ഫുഡ് അസിസ്റ്റന്‍സ് പ്രോഗ്രാം (ഭക്ഷണ സഹായ പദ്ധതി)

കേന്ദ്ര ഫണ്ടുള്ള പ്രീ-സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍

വിദ്യാര്‍ത്ഥി വായ്പകള്‍ അനുവദിക്കുന്നത്

ഭക്ഷ്യവസ്തുക്കളുടെ പരിശോധനകള്‍

ദേശീയ ഉദ്യാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍

ഈ പ്രതിസന്ധി നീണ്ടുപോവുകയും ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ ജോലിക്ക് വരാതിരിക്കുകയും ചെയ്താല്‍ വിമാനയാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

donald trump