H1B വിസയ്ക്ക് പുതിയ രീതിയുമായി യുഎസ്, ഇനി നറുക്കെടുപ്പില്ല

ഈ വര്‍ഷം ആദ്യം, എച്ച്-1ബി വിസകള്‍ക്ക് പ്രതിവര്‍ഷം 100,000 ഡോളര്‍ എന്ന ഫീസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരുന്നു. സമ്പന്നരായ വ്യക്തികള്‍ക്ക് യുഎസ് പൗരത്വത്തിലേക്കുള്ള വഴിയായി ഒരു ദശലക്ഷം ഡോളര്‍ ഫീസീടാക്കുന്ന ഗോള്‍ഡ് കാര്‍ഡ് വിസയും ട്രംപ് അവതരിപ്പിച്ചു.

author-image
Biju
New Update
trump

വാഷിങ്ടണ്‍: യുഎസില്‍ എച്ച്-1ബി തൊഴില്‍ വിസ നറുക്കെടുപ്പ് സംവിധാനത്തിന് പകരം പുതിയൊരു സമീപനം സ്വീകരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. വിസ അനുവദിക്കുന്നതില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ളതും ഉയര്‍ന്ന ശമ്പളം വാങ്ങുന്നതുമായ വിദേശ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കും. ഇത് എന്‍ട്രി ലെവല്‍ പ്രൊഫഷണലുകള്‍ക്ക് യുഎസ് തൊഴില്‍ വിസ നേടുന്നത് കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കും. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്ന അറിയിപ്പനുസരിച്ച് പുതിയ നിയമം ഫെബ്രുവരി 27, 2026 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് 2027 സാമ്പത്തിക വര്‍ഷം മുതല്‍ ഏകദേശം 85,000 എച്ച്-1ബി വിസകളുടെ വിതരണം നിയന്ത്രിക്കും.

''എച്ച്-1ബി രജിസ്‌ട്രേഷനുകളുടെ നിലവിലുള്ള ക്രമരഹിതമായ തിരഞ്ഞെടുപ്പ് യുഎസ് തൊഴിലുടമകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. അവര്‍ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ വിദേശ തൊഴിലാളികളെ കൊണ്ടുവരാനാണ് പ്രധാനമായും ശ്രമിച്ചത്'', യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് (USCIS) വക്താവ് മാത്യു ട്രാഗെസ്സര്‍ പറഞ്ഞു.

ട്രംപ് ഭരണകൂടം സ്വീകരിച്ച മറ്റ് പ്രധാന മാറ്റങ്ങള്‍ക്ക് അനുസൃതമായാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. തൊഴിലുടമകള്‍ക്ക് യോഗ്യതാ വ്യവസ്ഥ എന്ന നിലയില്‍ ഓരോ വിസയ്ക്കും അധികമായി 100,000 ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രസിഡന്‍ഷ്യല്‍ പ്രൊക്ലമേഷന്‍ പോലെയാണിതെന്ന് പുതിയ നിയമത്തെക്കുറിച്ച് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി 27, 2026 മുതല്‍ പുതിയയനിയമം പ്രാബല്യത്തില്‍ വരുമെന്നും വരാനിരിക്കുന്ന എച്ച്-1ബി ക്യാപ് രജിസ്‌ട്രേഷന്‍ സീസണില്‍ ഇത് ബാധകമാകുമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഈ വര്‍ഷം ആദ്യം, എച്ച്-1ബി വിസകള്‍ക്ക് പ്രതിവര്‍ഷം 100,000 ഡോളര്‍ എന്ന ഫീസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരുന്നു. സമ്പന്നരായ വ്യക്തികള്‍ക്ക് യുഎസ് പൗരത്വത്തിലേക്കുള്ള വഴിയായി ഒരു ദശലക്ഷം ഡോളര്‍ ഫീസീടാക്കുന്ന ഗോള്‍ഡ് കാര്‍ഡ് വിസയും ട്രംപ് അവതരിപ്പിച്ചു.

കാലങ്ങളായി എച്ച്-1ബി വിസകള്‍ നറുക്കെടുപ്പ് സമ്പ്രദായത്തിലൂടെയാണ് അനുവദിച്ചിരുന്നത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിസ ലഭിച്ചത് ആമസോണിനാണ്, 10,000-ല്‍ അധികം വിസകള്‍ക്ക് അനുമതി ലഭിച്ചു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ എന്നീ കമ്പനികളാണ് മറ്റുള്ളവര്‍. കാലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ എച്ച്-1ബി തൊഴിലാളികള്‍ ഉള്ളത്.