ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള യുഎസ് നീക്കം എതിര്‍ത്തു; ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തി ട്രംപ്

ജൂണ്‍ ഒന്നിനകം ഗ്രീന്‍ലാന്‍ഡ് പൂര്‍ണ്ണമായും അമേരിക്കയ്ക്ക് വില്‍ക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഈ നികുതി 25 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി

author-image
Biju
New Update
trump 2

വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ എതിര്‍ത്ത എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ നികുതി പ്രാബല്യത്തില്‍ വരും.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് നടപടി. ജൂണ്‍ ഒന്നിനകം ഗ്രീന്‍ലാന്‍ഡ് പൂര്‍ണ്ണമായും അമേരിക്കയ്ക്ക് വില്‍ക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഈ നികുതി 25 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'ഈ രാജ്യങ്ങള്‍ വളരെ അപകടകരമായ കളിയാണ് കളിക്കുന്നത്. ആഗോള സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിന്, ഈ സാഹചര്യം വേഗത്തില്‍ അവസാനിപ്പിക്കാന്‍ കര്‍ശനമായ നടപടികള്‍ അനിവാര്യമാണ്,' ട്രംപ് കുറിച്ചു.

തന്ത്രപ്രധാനമായ സ്ഥാനവും വിലപ്പെട്ട ധാതു നിക്ഷേപവും കണക്കിലെടുത്ത് ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്റെ വാദം. ഈ പ്രദേശം ഏറ്റെടുക്കാന്‍ സൈന്യത്തെ വിന്യസിക്കുന്ന കാര്യം പോലും തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.

ഡെന്മാര്‍ക്കിന്റെ ആവശ്യപ്രകാരം ഈ ആഴ്ച യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ സൈനികരെ ചെറിയ തോതില്‍ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. അമേരിക്കയുടെ ഈ നീക്കം ദശകങ്ങളായുള്ള നാറ്റോ സഖ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമാണ്.

അതേസമയം, ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിലും ഡെന്മാര്‍ക്കിലും ട്രംപിന്റെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഗ്രീന്‍ലാന്‍ഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. നാറ്റോ സഖ്യത്തിലെ ഒരു പ്രദേശം അമേരിക്ക സൈനികമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് പ്രമുഖ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.