/kalakaumudi/media/media_files/2025/08/31/trump-2-2025-08-31-17-51-38.jpg)
വാഷിങ്ടണ്‍: യുഎസിന്റെ തീരുവ ഭീഷണി മറികടക്കാന്‍ റഷ്യയോടും ചൈനയോടും ഇന്ത്യ അടുക്കുന്നതിനിടെ പുതിയ സമ്മര്‍ദ തന്ത്രവുമായി ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള ഉപരോധങ്ങളാണ് യുഎസ് നിര്‍ദേശിച്ചിട്ടുള്ളത്. യുഎസ് ചെയ്തതുപോലെ ഇന്ത്യയ്ക്ക് അധിക തീരുവയേര്‍പ്പെടുത്താനും ട്രംപ് നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നതിനാണ് ഇന്ത്യയ്ക്ക് യുഎസ് അധിക തീരുവ ചുമത്തിയത്. എന്നാല്‍ റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ഇതുവരെ യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്യമായി എതിര്‍ത്തിട്ടില്ല. ഇന്ത്യയ്‌ക്കെതിരെ ഉയര്‍ന്ന തീരുവ ചുമത്തിയ ട്രംപിന്റെ തീരുമാനത്തെയും യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണയ്ക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.
ചൈനയാണ് റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. യൂറോപ്പും റഷ്യയില്‍നിന്ന് എണ്ണ വാങ്ങിയിരുന്നു. എന്നാല്‍ ചൈനയെയും യൂറോപ്പിനെയും ഒഴിവാക്കി ഇന്ത്യയെ മാത്രമാണ് ട്രംപ് തീരുവ ചുമത്തി ശിക്ഷിച്ചത്. ഇത് ഇരട്ടനീതിയാണ് ഇന്ത്യ പ്രതികരിച്ചിരുന്നു.