വെല്ലുവിളിച്ച് യുഎസും ഇറാനും; യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പശ്ചിമേഷ്യയിലേക്ക്

സൗത്ത് ചൈന കടലിലായിരുന്ന പോര്‍വിമാന വാഹിനി യുഎസ്എസ് ഏബ്രഹാം ലിങ്കണും അകമ്പടിയായി 3 യുദ്ധക്കപ്പലുകളുമാണു പശ്ചിമേഷ്യയിലേക്കു നീങ്ങുന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമുദ്രമേഖലയില്‍ പ്രവേശിച്ചെന്നാണു വിവരം

author-image
Biju
New Update
kha1

വാഷിങ്ടണ്‍: ഉന്മൂലന ഭീഷണി മുഴക്കി ഇറാനും യുഎസും തമ്മില്‍ രൂക്ഷമായ വാക്‌പോരു തുടരവേ, പസിഫിക് സമുദ്രമേഖലയിലുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി. 'ജൂണില്‍ അമേരിക്ക ആക്രമിച്ചപ്പോള്‍ ഇറാന്‍ നിയന്ത്രണം പാലിച്ചു. ഇനിയൊരാക്രമണമുണ്ടായാല്‍ മുഴുവന്‍ കരുത്തുമെടുത്ത് തിരിച്ചടിക്കാന്‍ ഞങ്ങളുടെ സൈന്യം മടിക്കില്ല' ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി മുന്നറിയിപ്പു നല്‍കി.

സൗത്ത് ചൈന കടലിലായിരുന്ന പോര്‍വിമാന വാഹിനി യുഎസ്എസ് ഏബ്രഹാം ലിങ്കണും അകമ്പടിയായി 3 യുദ്ധക്കപ്പലുകളുമാണു പശ്ചിമേഷ്യയിലേക്കു നീങ്ങുന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമുദ്രമേഖലയില്‍ പ്രവേശിച്ചെന്നാണു വിവരം.

ഇറാനിലെ പ്രക്ഷോഭം 72 മണിക്കൂര്‍ മാത്രമാണു നീണ്ടതെന്നും സായുധ കലാപകാരികളാണു പിന്നീടു രാജ്യമെങ്ങും പ്രശ്‌നമുണ്ടാക്കിയതെന്നും യുഎസ് ദിനപത്രമായ വോള്‍ സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തില്‍ അറഗ്ചി ആരോപിച്ചു. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തതിന്റെ പേരില്‍, ലോക സാമ്പത്തിക ഫോറത്തിലേക്ക് ഇറാനുള്ള ക്ഷണം റദ്ദാക്കിയിരുന്നു.

അതിനിടെ, തന്നെ വധിച്ചാല്‍ ഇറാനെ അമേരിക്ക ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്നും അതിനുള്ള ഉത്തരവുകള്‍ താന്‍ നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ലക്ഷ്യമിട്ടാല്‍ പൂര്‍ണയുദ്ധമായിരിക്കും ഫലമെന്നു കഴിഞ്ഞദിവസം ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഖമനയിക്കെതിരെ ഓങ്ങുന്ന കൈ വെട്ടുമെന്നും അവരുടെ ലോകം ചുട്ടുചാമ്പലാക്കുമെന്നാണ് ഇറാന്‍ സായുധസേനയുടെ വക്താവ് പ്രതികരിച്ചത്.

ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതിന്റെ പേരില്‍ ഇറാനെ ആക്രമിക്കുമെന്നു തുടര്‍ച്ചയായി ഭീഷണി ഉയര്‍ത്തിയ ട്രംപ്, ഖമനയിയുടെ ഭരണം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തിരുന്നു. ട്രംപിനെ തടയാനായി കഴിഞ്ഞയാഴ്ച ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തിറങ്ങിയതോടെ തല്‍ക്കാലത്തേക്കു തണുത്ത അന്തരീക്ഷമാണു വീണ്ടും പ്രക്ഷുബ്ധമാകുന്നത്.