/kalakaumudi/media/media_files/2026/01/24/kha4-2026-01-24-19-59-02.jpg)
ടെഹ്‌റാന്‍: അമേരിക്കന്‍ ഭീഷണി വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി സുരക്ഷിതനാണെന്നും മുംബൈയിലെ ഇറാനിയന്‍ കോണ്‍സല്‍ ജനറല്‍ സയീദ് റെസ മൊസായബ് മൊത്ലഗ്. അദ്ദേഹം ബങ്കറില്‍ ഒളിച്ചിരിക്കുകയല്ലെന്നും രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സികളാണെന്നും സയീദ് റെസ ആരോപിച്ചു. ഉപരോധ ഭീഷണികള്‍ക്കിടയിലും ഇറാനും ഇന്ത്യയും തമ്മിലുള്ള സഹകരണം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം എന്‍ഡിടിവിയോടു പറഞ്ഞു.
ഇറാന്‍ ആഭ്യന്തര പ്രതിസന്ധി നേരിടുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന സംയമനം പാലിച്ചു. എന്നാല്‍, ഇറാനു പുറത്തുള്ള നേതാക്കളില്‍ നിന്നു നിര്‍ദ്ദേശം ലഭിച്ചതോടെ തീവ്രവാദ ഘടകങ്ങള്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പൊതുമുതലിനും പൗരന്മാരുടെ സ്വത്തുക്കള്‍ക്കും നാശമുണ്ടാക്കി. സംഘര്‍ഷങ്ങളില്‍ ആകെ 3,117 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 2,427 പേര്‍ സാധാരണക്കാരും സുരക്ഷാ സേനാംഗങ്ങളുമാണ്. 690 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും വിദേശ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നു പരിശീലനം ലഭിച്ചവരോ അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരോ ആണെന്നും സയീദ് റെസ മൊസായബ് മൊത്ലഗ് അവകാശപ്പെട്ടു.
അമേരിക്കയുടെ ആക്രമണത്തെ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജമാണ്. ഉപരോധങ്ങള്‍ ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ബന്ധം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും പോംവഴികള്‍ കണ്ടെത്തുന്നുണ്ട്. ഇറാനിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ പ്രക്ഷോഭത്തില്‍ 5,002 പേര്‍ കൊല്ലപ്പെട്ടതായാണ് യുഎസ് ആസ്ഥാനമായ ഹ്യുമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയുടെ ഒടുവിലത്തെ കണക്ക്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

