/kalakaumudi/media/media_files/2025/02/18/ZqZaosjM10nmjQtuWZCh.jpg)
റിയാദ്: റഷ്യ - യുക്രെയ്ന്‍ യുദ്ധം തീരുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്. അമേരിക്കയുമായി സൗദി അറേബ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്, യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത റഷ്യ അറിയിച്ചത്. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച വിജയമാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായെന്നും റഷ്യ പ്രതികരിച്ചു.
റിയാദിലെ ദിരിയ്യ കൊട്ടാരത്തില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫറാന്‍ അല്‍ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേശകന്‍ മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്റെയും മധ്യസ്ഥതയിലായിരുന്നു കൂടിക്കാഴ്ച. ട്രംപിന്റെ പ്രതിനിധികളായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് മധ്യേഷ്യ ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാല്‍സ് എന്നിവര്‍ പങ്കെടുത്തു.
റഷ്യയുടെ ഭാഗത്തുനിന്നു വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ വിദേശ നയതന്ത്ര ഉപദേശകന്‍ യൂറി ഉഷാകോവ്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
യോഗത്തില്‍ യുക്രെയ്ന്‍ പ്രതിനിധികള്‍ പങ്കെടുത്തില്ല. യുക്രെയ്ന്‍ പങ്കെടുക്കാത്ത ചര്‍ച്ചകളിലെ ഒരു തീരുമാനവും രാജ്യം അംഗീകരിക്കില്ലെന്നു പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ചര്‍ച്ചകളില്‍നിന്നു മാറ്റിനിര്‍ത്തുന്നതില്‍ യൂറോപ്യന്‍ സഖ്യകക്ഷികളും ആശങ്ക രേഖപ്പെടുത്തി. വാഷിങ്ടനിലെയും മോസ്‌കോയിലെയും അതത് എംബസികളില്‍ ജീവനക്കാരെ പുനഃസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം റൂബിയോ പറഞ്ഞു.
യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍, ഉഭയകക്ഷി ബന്ധങ്ങള്‍, സഹകരണം എന്നിവ പിന്തുണയ്ക്കുന്നതിനാണിത്. ഏതാനും വര്‍ഷങ്ങളായി നിരവധി നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത് 2 എംബസികളെയും സാരമായി ബാധിച്ചിരുന്നു.
യുക്രെയ്ന്‍ യുദ്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വീക്ഷണങ്ങളെ യോഗത്തില്‍ സെര്‍ജി ലാവ്റോവ് പ്രശംസിച്ചു. ട്രംപും പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കുക എന്നതും യോഗത്തിന്റെ ലക്ഷ്യമായിരുന്നു. എന്നാല്‍, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു തീയതി നിശ്ചയിച്ചില്ലെന്നു യൂറി ഉഷാകോവ് പറഞ്ഞു. നാളെ സെലെന്‍സ്‌കി റിയാദില്‍ എത്തുമെന്നാണു റിപ്പോര്‍ട്ട്. ആഗോള സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണു മധ്യസ്ഥ നീക്കമെന്നു സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.