/kalakaumudi/media/media_files/2025/07/03/trdf-2025-07-03-13-20-45.jpg)
ന്യൂയോര്‍ക്ക് : ജൂലൈ നാലിന് അമേരിക്കയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ ലക്ഷ്യമിട്ട് 'ലോണ്‍ വോള്‍ഫ്' ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭീകരാക്രമണം ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കടുത്ത ജാഗ്രതയിലാണ് അമേരിക്ക.
മിഡില്‍ ഈസ്റ്റിലെ സമീപകാല സൈനിക നടപടികളെത്തുടര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലെ ഭീകരാക്രമണ ഭീഷണി യുഎസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എഫ്ബിഐ, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ്, മറ്റ് നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ എന്നിവര്‍ ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചാവേറാക്രമണങ്ങളോ വെടിവയ്‌പ്പോ പോലെ ഏതെങ്കിലും ഒരു വ്യക്തിയില്‍ നിന്നും ഒരു കൂട്ടത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ആണ് 'ലോണ്‍ വോള്‍ഫ്' ആക്രമണങ്ങള്‍ എന്ന് പറയുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങളെ ലക്ഷ്യം വച്ച് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകാം എന്നാണ് എഫ് ബി ഐ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഒറ്റപ്പെട്ട കുറ്റവാളികളില്‍ നിന്നും വ്യക്തികളുടെ ചെറിയ ഗ്രൂപ്പുകളില്‍ നിന്നുമാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത് എന്നും എഫ് ബി ഐ അറിയിച്ചു.
ന്യൂയോര്‍ക്ക് സിറ്റിയിലെ മാസീസ് ഫയര്‍വര്‍ക്ക്‌സ് ആഘോഷം പോലുള്ള ജൂലൈ 4 ലെ പരിപാടികള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണി ഉണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറാനെയും ഹമാസിനെയും പിന്തുണയ്ക്കുന്ന ഭീകരര്‍ അമേരിക്കയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ലക്ഷ്യം വയ്ക്കുമെന്നാണ് സൂചന.
ഭീഷണി ന്യൂയോര്‍ക്കില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും രാജ്യവ്യാപകമായി വലിയ ഒത്തുചേരലുകളിലേക്ക് വ്യാപിച്ചേക്കാമെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന് ഫെഡറല്‍, പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി എല്ലാവരും സഹകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.