അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രികരെല്ലാം മരണപ്പെട്ടതായി റിപ്പോര്‍ട്ട്. 64 യാത്രക്കാരുടെ ജീവന്‍ നഷ്ടപ്പെ്‌ട്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. വാഷിങ്ടണ്‍ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. സൈന്യത്തിന്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. ജെറ്റ് വിമാനം, മൂന്ന് യു.എസ്. സേനാ അംഗങ്ങളുമായി പറക്കുകയായിരുന്ന ആര്‍മി ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള പൊട്ടോമാക് നദിയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വാര്‍ത്താസമ്മേളനത്തില്‍ 28 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. അത്യാഹിത രക്ഷാ പ്രവര്‍ത്തനം ഇപ്പോള്‍ മൃതദേഹങ്ങള്‍ തിരയാനുള്ള പ്രവര്‍ത്തനമായി മാറ്റിയതായി വാഷിംഗ്ടണ്‍ ഫയര്‍ ചീഫ് ജോണ്‍ ഡൊണലി പറഞ്ഞു. വിമാനത്തിലുണ്ടായിരുന്നവരില്‍ ചിലര്‍ ഈ മാസം നാഷണല്‍ ഫിഗര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് നടന്ന വിചിറ്റയില്‍ നിന്ന് കാന്‍സാസിലേക്ക് പോവുകയായിരുന്ന ഫിഗര്‍ സ്‌കേറ്റര്‍മാരായിരുന്നു. റഷ്യന്‍ ഫിഗര്‍ സ്‌കേറ്റര്‍മാരും യാത്രക്കാരില്‍ ഉള്‍പ്പെട്ടതായി ക്രെംലിന്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് വാഷിങ്ടണ്‍ വിമാനത്താവളം അടയ്ക്കുകയും വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.