ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ്; നയം വ്യക്തമാക്കാതെ ഇന്ത്യ, വിട്ടുനിന്ന് നിരവധി രാജ്യങ്ങള്‍

പലസ്തീന്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടത്തിലാണ് സമാധാന സമിതി രൂപീകരിക്കുന്നത്. സമിതിയില്‍ ചേരാനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു

author-image
Biju
New Update
t4

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസി'ല്‍ പങ്കെടുക്കാതെ ഇന്ത്യ. പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷം ഉള്‍പ്പടെയുള്ള യുദ്ധ സമാനമായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുഃനസ്ഥാപിക്കാനും ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച സമാധാന സമിതിയാണ് ബോര്‍ഡ് ഓഫ് പീസ്.

പലസ്തീന്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടത്തിലാണ് സമാധാന സമിതി രൂപീകരിക്കുന്നത്. സമിതിയില്‍ ചേരാനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സ്, യുകെ, ചൈന, ജര്‍മ്മനി തുടങ്ങി നിരവധി രാജ്യങ്ങള്‍ 'ബോര്‍ഡ് ഓഫ് പീസ്' ന്റെ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.

കരാറില്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ഇന്ത്യ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും നയതന്ത്ര വിദഗ്ധര്‍ അറിയിച്ചു. ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയമാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നതെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീന, മധ്യ ഏഷ്യന്‍ രാജ്യങ്ങളായ അര്‍മേനിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബെലാറസ്, ഈജിപ്ത്, ഹംഗറി, ഖസാക്കിസ്ഥാന്‍, മൊറോക്കോ, യുഎഇ, പാകിസ്ഥാന്‍, സൗദി അറേബ്യ, വിയറ്റ്നാം എന്നിവര്‍ കരാറില്‍ ഒപ്പുവച്ച രാജ്യങ്ങളാണ്.

അതേസമയം, ട്രംപിന്റെ സമാധാന സമിതിയില്‍ ഒപ്പിടാതെ നിരവധി രാജ്യങ്ങള്‍. ജര്‍മ്മനി, ഇറ്റലി, പരാഗ്വേ, റഷ്യ, സ്ലോവേനിയ, തുര്‍ക്കി, യുക്രെയ്ന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സമാധാന സമിതിയില്‍ നിന്ന് വിട്ടുനിന്നു. ട്രംപിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സമാധാന സമിതി ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ബോര്‍ഡ് ഓഫ് പീസ് പ്രാവര്‍ത്തികമാക്കുന്നതിന് എക്‌സിക്യൂട്ടീവ് ബോര്‍ഡ് രൂപീകരിക്കുമെന്ന് അമേരിക്ക കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, അമേരിക്കയുടെ മധ്യ ഏഷ്യന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, വ്യവസായിയും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നര്‍, ലോക ബാങ്ക് അധ്യക്ഷന്‍ അജയ് ബംഗ എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളില്‍ ഉള്‍പ്പെടുന്നതായി വിവിധ മാധ്യമങ്ങള്‍ പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് സിഇഒ മാര്‍ക്ക് റോവന്‍, അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് രണ്ട് അംഗങ്ങള്‍. നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്ട്രേഷന്‍ ഓഫ് ഗാസ സംഘടനയിലും ബോര്‍ഡിന്റെ മേല്‍നോട്ടം ഉണ്ടാകുമെന്ന് വിവിധ മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്തു.