ഇറാന്‍ പരമോന്നത നേതാവിനെ വധിച്ചെന്ന് അവകാശപ്പെട്ട് ട്രംപും നെതന്യാഹുവും

ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികനായ മനുഷ്യന്‍ കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ഡോണള്‍ഡ് ട്രംപ് ഈ കാര്യം പറഞ്ഞത്. ഇറാനില്‍ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി

author-image
Biju
New Update
KHA 6

വാഷിങ്ടണ്‍ : ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെടുന്നു. എന്നാല്‍ ഇറാനോ അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളോ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികനായ മനുഷ്യന്‍ കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
ട്രൂത്ത് സോഷ്യലിലൂടെയാണ് ഡോണള്‍ഡ് ട്രംപ് ഈ കാര്യം പറഞ്ഞത്. ഇറാനില്‍ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിയന്‍ പൗരന്‍മാര്‍ക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണെന്നും ട്രംപ് പറഞ്ഞു. ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിലും ലോകം മുഴുവനും സമാധനം ഉണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഞങ്ങളുടെ ഇന്റലിജന്‍സ് സംവിധാനത്തിന് മുന്നില്‍ ഖമേനിക്കോ അയാളുടെ അനുയായികള്‍ക്കോ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് ഇറാനിയന്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാം എന്നാല്‍ നിങ്ങളെ കാത്തിരിക്കുന്നത് മരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരിക്കാം എന്ന അവകാശവാദവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഇറാന്‍ ആണവ ഗവേഷകര്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടുവെന്നും ആയത്തുള്ള അലി ഖമേനിയുടെ കൊട്ടരം തകര്‍ത്തുവെന്നും ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. ഖമേനി ജീവിച്ചിരിപ്പില്ല എന്നതിന് തെളിവുണ്ടെന്ന് നെതന്യാഹു പറഞ്ഞിരുന്നു.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. അവസരം പാഴാക്കരുതെന്നും ഭരണകൂടത്തെ താഴെയിറക്കാന്‍ തെരുവിലിറങ്ങണമെന്നും ബെഞ്ചമിന്‍ നെതന്യാഹു ഇറാന്‍ ജനതയോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അവകാശവാദം തള്ളി ഇറാന്‍ രംഗത്തെത്തി. ആയത്തുള്ള അലി ഖമേനി ജീവനോടെയുണ്ടെന്നും സുരക്ഷിതനാണെന്നും ഇറാന്‍ വിദേശ്യകാര്യ വക്താവ് വ്യക്തമാക്കി.ഖമേനി ഇപ്പോഴും തിരിച്ചടിക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഖമേനിയും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സുരക്ഷിതരാണ്. ശത്രു മനഃശാസ്ത്ര യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. എല്ലാവരും കരുതിയിരിക്കണമെന്നും ഇറാന്‍ വിദേശ്യകാര്യ വക്താവ് പറഞ്ഞു.

അതേസമയം ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ 201 പേര്‍ കൊല്ലപ്പെട്ടതായും 747 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വക്താവ് മെഹറിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാനിലെ 24 പ്രവിശ്യകളില്‍ യുഎസ്, ഇസ്രയേലി ആക്രമണങ്ങള്‍ നടന്നതായും മെഹര്‍ വ്യക്തമാക്കി. 220 ലധികം റെഡ് ക്രസന്റ് അംഗങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ ഉണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും വക്താവ് പറഞ്ഞു.

iran attack Ayatollah Ali Khamenei