/kalakaumudi/media/media_files/2025/12/09/modi-and-trump-2025-12-09-09-13-55.jpg)
വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാറിലുള്ള അദ്ദേഹത്തിന്റെ യാത്രയുമൊക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അത്ര സുഖിക്കുന്ന ഒന്നായിരുന്നില്ല. പിിന്നാലെ പുതിയ നീക്കത്തിനൊരുങ്ങുകയാണ് ട്രംപ്.
ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടിയാണ് നേരത്തേ ഇന്ത്യയ്ക്കുമേല്‍ ട്രംപ് 25% പിഴച്ചുങ്കം ഉള്‍പ്പെടെ മൊത്തം 50% തീരുവ ചുമത്തിയതെങ്കില്‍, ഇത്തവണ വിഷയം മറ്റൊന്നാണ് - അരി.
ട്രംപ് വിവിധ രാജ്യങ്ങള്‍ക്കുമേല്‍ തീരുവയുദ്ധം പ്രഖ്യാപിച്ചത് അമേരിക്കയിലെ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. നിരവധി രാജ്യങ്ങള്‍ അമേരിക്കന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തി. ഉദാഹരണത്തിന്, യുഎസിന്റെ സോയാബീനും ചോളവും ഏറ്റവുമധികം വാങ്ങിയിരുന്നത് ചൈനയായിരുന്നു. ചൈന അതു പൂര്‍ണമായി നിര്‍ത്തിയശേഷം ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുന്നത് മെക്‌സിക്കോയെയാണ്.
തീരുവയുദ്ധം മൂലം പ്രതിസന്ധിയിലായ അമേരിക്കന്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരാനായി 12 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.08 ലക്ഷം കോടി രൂപ) സഹായപ്പാക്കേജ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വിലകുറഞ്ഞ അരി വന്‍തോതില്‍ അമേരിക്കയില്‍ എത്തുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.
ഇതുമൂലം ആഭ്യന്തര വിപണിയില്‍ വിലകുത്തനെ താഴുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്ന വാദവും അവര്‍ ഉയര്‍ത്തിയിരുന്നു. ആ രാജ്യങ്ങള്‍ വഞ്ചിക്കുകയാണെന്നും കനത്ത തീരുവ ഏര്‍പ്പെടുത്തുമെന്നുമാണ് ഇതിനോട് ട്രംപ് പ്രതികരിച്ചത്. കാനഡയില്‍ നിന്നുള്ള വളത്തിനും തീരുവ കൂട്ടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഏത് രാജ്യത്തിനുമേലാണ് ഇനി കൂടുതല്‍ തീരുവ ചുമത്തേണ്ടതെന്ന് ട്രംപ് കര്‍ഷകരോട് ചോദിച്ചു. ഇന്ത്യ, ചൈന, തായ്‌ലന്‍ഡ് എന്നിവയാണ് ഈ വിഷയത്തില്‍ പ്രധാന 'പ്രതികള്‍' എന്ന മറുപടിയാണ് ലൂസിയാനയിലെ കെന്നഡി റൈസ് മില്‍ സിഇഒ മെറില്‍ കെന്നഡി നല്‍കിയത്. ചൈന വലിയതോതില്‍ പ്യോര്‍ട്ടോ റികോയിലേക്ക് അരി കയറ്റുമതി ചെയ്യുന്നു. ഇതുമൂലം അമേരിക്കയ്ക്ക് വര്‍ഷങ്ങളായി പ്യോര്‍ട്ടോ റികോയിലേക്ക് വിപണിപ്രവേശനം കിട്ടിയിട്ടില്ലെന്നും കെന്നഡി പറഞ്ഞു.
കൂടുതല്‍ തീരുവ ചുമത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് ട്രംപ് വീണ്ടും ചോദിച്ചു. ''അവര്‍ ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നങ്ങള്‍ ഇവിടെ കൊണ്ടുവന്ന് തള്ളരുത്'' എന്ന മറുപടിയാണ് കര്‍ഷകര്‍ നല്‍കിയത്. ഇതുകേട്ട ഉടന്‍ തൊട്ടടുത്തിരുന്ന ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റിനോട് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയ രാജ്യങ്ങളുടെ പേര് കുറിച്ചുവയ്ക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു.
ഇന്ത്യ സ്വന്തം അരി ഉല്‍പാദനമേഖലയ്ക്ക് സബ്‌സിഡി കൊടുത്ത് അന്യായമായ പ്രോത്സാഹനം നല്‍കുകയാണെന്നും കെന്നഡി ആരോപിച്ചു. ''ശരി, ഇന്ത്യയുടെ കാര്യം നമുക്ക് നോക്കാം. വേറെ ഏതൊക്കെ രാജ്യങ്ങളുണ്ട്?'' എന്നായിരുന്നു ഇതിനോട് ട്രംപിന്റെ മറുചോദ്യം. യുഎസും ഇന്ത്യയും തമ്മിലെ വ്യാപാരക്കരാര്‍ സംബന്ധിച്ച പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതും ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50% തീരുവ വെട്ടിക്കുറയ്ക്കാന്‍ ട്രംപ് തയാറാകാത്തതും ഇതിനകം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം മോശമാക്കിയിട്ടുണ്ട്.
ട്രംപ്-മോദി സൗഹൃദത്തിനും വിള്ളല്‍ വീണെന്ന വിലയിരുത്തല്‍ ശക്തമാണ്. വ്യാപാരക്കരാര്‍ സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്കായി യുഎസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സ് അലിസന്‍ ഹൂക്കര്‍ 5-ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ട്രംപ് വീണ്ടും ഇന്ത്യയ്‌ക്കെതിരെ തിരിയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
