/kalakaumudi/media/media_files/2025/09/01/trump-2025-09-01-15-48-52.jpg)
വാഷിങ്ടണ്‍: യുഎസ് പുതുതായി ഏര്‍പ്പെടുത്തിയ നികുതികളില്‍ മിക്കതും നിയമവിരുദ്ധമാണെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വിധി വന്നതിന് പിന്നാലെ രോഷാകുലനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഏര്‍പ്പെടുത്തിയ താരിഫുകള്‍ ഇല്ലെങ്കില്‍ അമേരിക്ക പൂര്‍ണമായും നശിപ്പിക്കപ്പെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
'നികുതികളും അതിലൂടെ നമ്മള്‍ ഇതിനകം സമാഹരിച്ച ട്രില്യണ്‍ കണക്കിന് ഡോളറുകളും ഇല്ലെങ്കില്‍ നമ്മുടെ രാജ്യം പൂര്‍ണമായും നശിപ്പിക്കപ്പെടും. നമ്മുടെ സൈനിക ശക്തി തല്‍ക്ഷണം തുടച്ചുനീക്കപ്പെടും.' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
കോടതിയുടെ ഏഴുമുതല്‍ നാലുവരെയുള്ള തീരുമാനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം, പാനലിലെ ഭൂരിപക്ഷം വരുന്ന ജഡ്ജിമാരെയും 'തീവ്ര ഇടതുപക്ഷ സംഘം' എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, ഈ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ, ഒബാമ നിയമിച്ച ജഡ്ജിയെ പ്രശംസിക്കാനും ട്രംപ് മടിച്ചില്ല. അദ്ദേഹത്തിന്റെ ധൈര്യത്തിന് നന്ദി പറഞ്ഞ ട്രംപ്, 'അദ്ദേഹം അമേരിക്കയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു' എന്നും പറഞ്ഞു.
മിക്കവാറും എല്ലാ ഇറക്കുമതികളിലും വ്യാപകവും അനിശ്ചിതവുമായ നികുതികള്‍ ഏര്‍പ്പെടുത്താന്‍ ട്രംപിന് അധികാരമില്ലെന്നാണ് ഫെഡറല്‍ സര്‍ക്യൂട്ടിനായുള്ള യുഎസ് അപ്പീല്‍ കോടതി വെള്ളിയാഴ്ച വിധിച്ചത്. കോടതി നികുതികള്‍ റദ്ദാക്കിയെങ്കിലും, സുപ്രീം കോടതിയെ സമീപിക്കാന്‍ ട്രംപിന് സമയം നല്‍കിയിട്ടുണ്ട്. മാത്രമല്ല ഈ കാലയളവില്‍, ഒക്ടോബര്‍ 14 വരെ, നികുതികള്‍ നിലനിര്‍ത്താന്‍ അനുവാദവും നല്‍കിയിട്ടുണ്ട്.
ട്രംപിന്റെ വ്യാപാര നയത്തില്‍ നികുതികള്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. അദ്ദേഹം പുതുതായി ഏര്‍പ്പെടുത്തിയ നികുതികള്‍ ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി തുടരുന്നതിനാല്‍, ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നായ 50 ശതമാനം തീരുവ ഇന്ത്യയ്ക്ക് മേലും ചുമത്തിയിട്ടുണ്ട്.
അതേസമയം, നികുതികളെ എതിര്‍ത്ത ജഡ്ജിമാരെ 'കറുത്ത കുപ്പായമിട്ട രാഷ്ട്രീയക്കാര്‍' എന്നാണ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റര്‍ നവാരോ വിശേഷിപ്പിച്ചത്. സുപ്രീം കോടതിയില്‍നിന്ന് എങ്ങനെ തങ്ങള്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ഒരു രൂപരേഖയാണ് ജഡ്ജിമാരുടെ വിയോജനക്കുറിപ്പുകള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. താരിഫുകള്‍ സ്ഥിരമായിരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും നവാരോ പറഞ്ഞു.
'ഞങ്ങള്‍ വളരെ ശുഭാപ്തിവിശ്വാസത്തിലാണ്. കേസില്‍ തോല്‍ക്കുകയാണെങ്കില്‍, പ്രസിഡന്റ് ട്രംപ് പറഞ്ഞതാണ് ശരി. അത് അമേരിക്കയുടെ അവസാനമായിരിക്കും,' നവാരോ കൂട്ടിച്ചേര്‍ത്തു.