ന്യൂയോര്‍ക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്‌റാന്‍ മംദാനി: ട്രംപ്

ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയെ ട്രംപ് അഭിനന്ദിച്ചു. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു

author-image
Biju
New Update
MAMDANI 4

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്‌റാന്‍ മംദാനിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് നഗരത്തിന്റെ നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയുമായി വൈറ്റ്ഹൗസിലെ ഓവല്‍ ഓഫിസില്‍ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയെ ട്രംപ് അഭിനന്ദിച്ചു. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു.

''ചര്‍ച്ച ഫലപ്രദമായിരുന്നു. മംദാനിക്ക് മികച്ച പ്രവര്‍ത്തനം നടത്താനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ചില യാഥാസ്ഥിതികരെ അദ്ദേഹം അദ്ഭുതപ്പെടുത്തും. എത്ര മികവോടെ മംദാനി പ്രവര്‍ത്തിക്കുന്നുവോ അത്ര സന്തോഷവാനായിരിക്കും ഞാന്‍. ഞങ്ങള്‍ തമ്മില്‍ ഒരു പൊതുവായ കാര്യമുണ്ട്  ഞങ്ങള്‍ സ്‌നേഹിക്കുന്ന ഈ നഗരം വളരെ മികച്ചതായി മാറണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞാന്‍ കരുതിയതിലും കൂടുതല്‍ കാര്യങ്ങളില്‍ ഞങ്ങള്‍ യോജിക്കുന്നു. 

കുറ്റകൃത്യങ്ങള്‍ ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഞാനും അതുതന്നെ ആഗ്രഹിക്കുന്നു''  ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ന്യൂയോര്‍ക്കില്‍ വന്നാല്‍ അറസ്റ്റു ചെയ്യുമെന്ന മംദാനിയുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന് വിചിത്രമായ ചില കാഴ്ചപ്പാടുകളുണ്ടെന്നും നമ്മളെല്ലാം മാറുന്നവരാണെന്നും തന്റെ സ്വന്തം കാഴ്ചപ്പാടുകള്‍ പോലും മാറിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

അഭിപ്രായവ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് മംദാനി വ്യക്തമാക്കി. ''ആദരവിന്റെയും സ്‌നേഹത്തിന്റെയും ഇടമായ ന്യൂയോര്‍ക്ക് നഗരത്തെക്കുറിച്ചും ന്യൂയോര്‍ക്കിലെ ജനങ്ങളെ സേവിക്കുക എന്ന പൊതുവായ ലക്ഷ്യത്തിലൂന്നിയുമായിരുന്നു ചര്‍ച്ച. ന്യൂയോര്‍ക്കിലെ ജീവിത ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കും''  മംദാനി പറഞ്ഞു. വാഷിങ്ടനിലെത്താന്‍ ട്രെയിനിനു പകരം വിമാനത്തെ ആശ്രയിച്ചത് എന്തിനാണെന്നും ട്രെയിന്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണല്ലോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് എല്ലാ യാത്രാമാര്‍ഗങ്ങളും കൂടുതല്‍ ചെലവ് കുറഞ്ഞതാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മംദാനിയുടെ മറുപടി. മംദാനി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും യാത്രാദൂരം വളരെ കൂടുതലാണെന്നും ട്രംപ് പ്രതികരിച്ചു.

പരസ്പരം ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. മേയര്‍ സ്ഥാനത്തേക്കുള്ള മത്സരത്തിനിടെ മംദാനിയെ ട്രംപ് രൂക്ഷമായി വിമര്‍ശിക്കുകയും അദ്ദേഹത്തിനു വോട്ട് നല്‍കരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ജനുവരി ഒന്നിനാണു മംദാനിയുടെ സത്യപ്രതിജ്ഞ.