/kalakaumudi/media/media_files/2025/09/27/colambia-2025-09-27-17-09-11.jpg)
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്. പെട്രോയുടെ പ്രകോപനകരമായ പ്രവൃത്തികള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അമേരിക്ക അറിയിച്ചു.
'പെട്രോയുടെ വീണ്ടുവിചാരമില്ലാത്തതും വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രവൃത്തികള്‍ കാരണം ഞങ്ങള്‍ അദ്ദേഹത്തിന്റെ വിസ റദ്ദാക്കും,' യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു.
കൊളംബിയയുടെ ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റും ഗസയിലെ ഇസ്രയേല്‍ വംശഹത്യയെ ശക്തമായി എതിര്‍ക്കുന്ന പെട്രോ ചൊവ്വാഴ്ച യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.
യു.എന്നില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരുടെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പെട്രോ പലസ്തീനെ മോചിപ്പിക്കാന്‍ ഒരു ആഗോള സൈന്യത്തെ വേണമെന്ന് പറഞ്ഞിരുന്നു. ഈ സൈന്യം അമേരിക്കയെക്കാള്‍ വലുതായിരിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ട്രംപിന്റെ ആജ്ഞകള്‍ അനുസരിക്കരുത്. മനുഷ്യത്വത്തിന്റെ ആജ്ഞകള്‍ അനുസരിക്കുക. യു.എസ് സൈന്യം മനുഷ്യരാശിക്ക് നേരെ തോക്ക് ചൂണ്ടരുത്,' പെട്രോ പറഞ്ഞു.
കരീബിയന്‍ കടലിലെ ബോട്ടുകള്‍ക്കുനേരെ മയക്കുമരുന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം നടത്തിയ വ്യോമാക്രമണം സ്വേച്ഛാധിപത്യപരമാണെന്ന് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പെട്രോ പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കൊളംബിയന്‍ പൗരന്മാരാണെന്നും പെട്രോ പറഞ്ഞു.
ആക്രമണത്തില്‍ ട്രംപ് പങ്കാളിയാണെന്നും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും യു.എന്‍ പൊതുസഭയില്‍ പെട്രോ പറഞ്ഞു.
അതേസമയം പെട്രോയുടെ വിസ റദ്ദാക്കിയ യു.എസ് തീരുമാനത്തെ വിമര്‍ശിച്ച് കൊളംബിയയുടെ ആഭ്യന്തരമന്ത്രി അര്‍മാന്റോ ബെനഡിറ്റ് രംഗത്തെത്തി. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിസയാണ് റദ്ദാക്കേണ്ടതെന്നും അതിനുപകരം അദ്ദേഹത്തിന്റെ മുഖത്ത് നോക്കി സത്യം പറയുന്ന ഗുസ്താവോ പെട്രോയുടെ നേരെയാണ് ആക്രമണം അഴിച്ചുവിടുന്നതെന്നും ബെനഡിറ്റ് പറഞ്ഞു.
പെട്രോയുടെ വിസ റദ്ദാക്കിയതിന് പുറമെ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെയും 80 പലസ്തീന്‍ ഉദ്യോഗസ്ഥരുടെയും യു.എസ് വിസ റദ്ദാക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനുള്ള അവസരത്തെയും നിഷേധിച്ചു.