/kalakaumudi/media/media_files/2026/03/03/marco-2026-03-03-09-37-54.jpg)
വാഷിങ്ടണ്‍: മധ്യപൂര്‍വേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, മേഖലയിലെ 13 രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ ആഹ്വാനം ചെയ്ത് അമേരിക്ക. ഇറാന്‍, ഇസ്രായേല്‍, ഗാസ തുടങ്ങി സംഘര്‍ഷം രൂക്ഷമായ ഇടങ്ങളില്‍ നിന്ന് ലഭ്യമായ വിമാന സര്‍വീസുകള്‍ ഉപയോഗിച്ച് എത്രയും വേഗം പുറത്തുകടക്കാനാണ് വിദേശകാര്യ വകുപ്പിന്റെ നിര്‍ദേശം.
കനത്ത സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വൈകിക്കാതെ മടങ്ങണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. ഇറാന്‍, ബഹ്റൈന്‍, ഈജിപ്ത്, ഇറാഖ്, ഇസ്രായേല്‍ (വെസ്റ്റ് ബാങ്ക്, ഗാസ ഉള്‍പ്പെടെ), ജോര്‍ദാന്‍, കുവൈത്ത്, ലെബനന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), യെമന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യുഎഇയ്ക്ക് നേരെ ഇറാന്റെ മൂന്നാം ഘട്ട മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായതായും അവ പ്രതിരോധിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ അടിയന്തര നീക്കം. ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകള്‍ മേഖലയെ അതീവ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.
മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ സഹായിക്കുന്നതിനായി യുഎസ് വിദേശകാര്യ വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ( +12025014444, +18884074747) സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കന്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ ലഭിക്കുന്നതിനായി 'സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പ്രോഗ്രാമില്‍' രജിസ്റ്റര്‍ ചെയ്യാനും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം, അമേരിക്കന്‍ പൗരന്മാര്‍ക്കും അവരുടെ പൗരത്വമുള്ളവര്‍ക്കും വിദേശയാത്രകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന സൗജന്യ സേവനമാണിത്. ഇത് വഴി അടിയന്തര സാഹചര്യങ്ങളില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് അവരെ കൃത്യമായും വേഗത്തിലും ബന്ധപ്പെടാന്‍ സാധിക്കും.
ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ വധവും തുടര്‍ന്നുണ്ടായ പ്രത്യാക്രമണങ്ങളും മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. വരും ആഴ്ചകളില്‍ സംഘര്‍ഷം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
