ചന്ദ്രനില്‍ താമസിക്കാന്‍ വരുന്നോ?; ഹോട്ടല്‍ ബുക്കിങ് തുടങ്ങി

ഒരാള്‍ക്ക് 2.2 കോടി രൂപ മുതല്‍ ഒമ്പത് കോടി രൂപവരെ ചെലവാകുമെന്നാണ് പുറത്ത് വരുന്നത്. 2032 ഓടെ ചന്ദ്രോപരിതലത്തില്‍ മനുഷ്യ ഔട്ട്പോസ്റ്റ് നിര്‍മിക്കാനാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി ലക്ഷ്യമിടുന്നത്.

author-image
Biju
New Update
moon2

വാഷിങ്ടണ്‍: മാനം നോക്കി അമ്പിളിമാമനെ കണ്ട് കൊതിച്ച ഒരു കാലമുണ്ടായിരുന്നു എല്ലാവര്‍ക്കും. ഇനി ആ അമ്പിളിമാമനില്‍ പോയി താമസിച്ചുവരാന്‍ ഉള്ള ഒരുക്കത്തിലാണ് മനുഷ്യര്‍. 

ചന്ദ്രനില്‍ ഹോട്ടല്‍ താമസം ഒരുക്കുള്ള പദ്ധതിയിലാണ് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്ടിക് റിസോഴ്സ് യൂട്ടിലൈസേഷന്‍ സ്പേസ്.ഇതിനായി ബുക്കിങ് വരെ ആരംഭിച്ചിട്ടുണ്ട്. ഒരാള്‍ക്ക് 2.2 കോടി രൂപ മുതല്‍ ഒമ്പത് കോടി രൂപവരെ ചെലവാകുമെന്നാണ് പുറത്ത് വരുന്നത്. 2032 ഓടെ ചന്ദ്രോപരിതലത്തില്‍ മനുഷ്യ ഔട്ട്പോസ്റ്റ് നിര്‍മിക്കാനാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി ലക്ഷ്യമിടുന്നത്.

'നമുക്കറിയാവുന്നതുപോലെയുള്ള ബഹിരാകാശ ടൂറിസമല്ല ഇത്. പന്ത്രണ്ട് മനുഷ്യര്‍ മാത്രമേ ചന്ദ്രനില്‍ നടന്നിട്ടുള്ളൂ, ഈ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ ഭൂമിക്ക് പുറത്തുള്ള ജീവിതത്തിന് അടിത്തറയിടുന്നതില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം ചേരുകയാണ്...' കമ്പനി അതിന്റെ റിസര്‍വേഷന്‍ വെബ്‌സൈറ്റില്‍ കുറിച്ചത് ഇങ്ങനെയാണ്...

കഴിഞ്ഞ വര്‍ഷം 22 വയസ്സുള്ള സ്‌കൈലര്‍ ചാന്‍ എന്നയാളാണ് ഈ കമ്പനി സ്ഥാപിച്ചത്. ഭൂമിക്കപ്പുറമുള്ള മനുഷ്യരാശിയുടെ ഭാവിയിലേക്കുള്ള ഒരു ചുവടുവയ്പ്പായാണ് യുവാവ് ഈ പദ്ധതിയെ അവതരിപ്പിക്കുന്നത്. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാല്‍, 2029 ല്‍ ഹോട്ടലിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് കമ്പനി പറയുന്നു.

അംഗീകാരം നേടുന്നതിനായി പരീക്ഷണ ദൗത്യം നടത്താനും കമ്പനി നിശ്ചയിച്ചിട്ടുണ്ട്. കമ്പനിയുടെ പദ്ധതി പ്രകാരം എല്ലാം നടന്നാല്‍, 2032 ആകുമ്പോഴേക്കും നിങ്ങള്‍ക്ക് ചന്ദ്രനില്‍ ഒരു മുറി ബുക്ക് ചെയ്യാന്‍ കഴിയും. ബഹിരാകാശ നിലയ നിര്‍മ്മാണത്തിന് ഭൂമിയില്‍ നിന്ന് വസ്തുക്കള്‍ എത്തിക്കേണ്ടതുണ്ടെങ്കിലും, ചന്ദ്രനിലെ പൊടി ഉപയോഗിച്ച് ഇഷ്ടിക നിര്‍മിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.റേഡിയേഷനില്‍ നിന്നും കഠിനമായ ചൂടില്‍ നിന്നും സംരക്ഷിക്കുന്ന രീതിയിലായിരിക്കും ഹോട്ടലിന്റെ നിര്‍മാണം.

അപേക്ഷകര്‍ 1,000 ഡോളര്‍ അപേക്ഷാ ഫീസായി നല്‍കണം. ഇത് തിരിച്ചു ലഭിക്കില്ല. യാത്രക്കാരുടെ സാമ്പത്തിക ശേഷിക്ക് പുറമെ ശാരീരികക്ഷമതയും വൈദ്യശാസ്ത്രപരമായ രേഖകളും കര്‍ശനമായ പശ്ചാത്തല പരിശോധനയ്ക്ക് വിധേയമാക്കും.യാത്രയുടെ അന്തിമ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കമ്പനി പറയുന്നതനുസരിച്ച്, ഇത് 90 കോടി രൂപ (10 മില്യണ്‍ ഡോളര്‍) കവിയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.