/kalakaumudi/media/media_files/2025/01/23/GQqxa2H8ybealyX9Cfwh.jpg)
donald trump
പാക്കിസ്ഥാനുള്ള സഹായങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ച് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണിത്. തുടര്‍ നടപടികള്‍ ഏത് രൂപത്തില്‍ വേണമെന്നത് പുനരവലോകനത്തിനു ശേഷം തീരുമാനിക്കും. സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനുള്ള അംബാസഡര്‍ ഫണ്ട് (എ എഫ് സി പി) ഉള്‍പ്പെടെയുള്ള യു എസ് എ ഐ ഡി (യുണൈറ്റഡ് സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ്) പദ്ധതികളാണ് നിര്‍ത്തിവച്ചത്.ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, മ്യൂസിയം ശേഖരങ്ങള്‍, തദ്ദേശ ഭാഷകളും കരകൗശല വസ്തുക്കളും ഉള്‍പ്പെടെ ലോകമാസകലമുള്ള പരമ്പരാഗത സാംസ്‌കാരിക നിര്‍മിതികളെ സംരക്ഷിക്കാനുള്ള സഹായമാണ് എ എഫ് സി പി ഫണ്ട്. ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട അഞ്ച് പദ്ധതികളെയും സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട നാല് പദ്ധതികളെയും പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കും. ആരോഗ്യം, കൃഷി, വരുമാനം, ഭക്ഷ്യസുരക്ഷ, പ്രളയം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, ഭരണനിര്‍വഹണത്തിനുള്ള ഫണ്ടുകള്‍ തുടങ്ങിയവയ്ക്കും ട്രംപിന്റെ ഉത്തരവ് തിരിച്ചടിയാകും. പദ്ധതികളില്‍ ചിലതെങ്കിലും പൂര്‍ണമായി ഉപേക്ഷിക്കുകയോ ഗണ്യമായി വെട്ടിച്ചുരുക്കുകയോ വേണ്ടിവരുമെന്ന ആശങ്ക ശക്തമാണ്.