/kalakaumudi/media/media_files/2025/07/09/trumps-2025-07-09-16-58-38.jpg)
വാഷിങ്ടണ്‍: യുഎസ് ചുമത്തിയ കനത്ത ഇറക്കുമതി തീരുവ മറികടക്കാനുള്ള ചൈനീസ് തന്ത്രം ചൈനയ്ക്ക് തന്നെ തിരിച്ചടിയായി. ചൈനയില്‍ നിന്ന് നേരിട്ട് യുഎസില്‍ എത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് നിലവില്‍ 51.1% ഇറക്കുമതി തീരുവ ബാധകമാണ്. ഇതുമൂലം ഇക്കഴിഞ്ഞ മേയില്‍ യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതി 43 ശതമാനം ഇടിഞ്ഞിരുന്നു.
ഈ സാഹചര്യത്തിലും പക്ഷേ, ചൈനയുടെ മൊത്തം കയറ്റുമതി 4.8 ശതമാനവും ആസിയാന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 15 ശതമാനവും വര്‍ധിച്ചു. യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതി വളര്‍ച്ച 12 ശതമാനം. ഇതേകാലയളവില്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിയും വര്‍ധിച്ചതോടെയാണ് ചൈനയുടെ തന്ത്രം തിരിച്ചറിഞ്ഞത്. ഈ രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ എന്ന ലേബലില്‍ ചൈനീസ് ഉല്‍പന്നങ്ങളും യുഎസില്‍ എത്തുകയായിരുന്നു.
മേയില്‍ വിയറ്റ്‌നാം വഴി 340 കോടി ഡോളറിന്റെ കയറ്റുമതിയാണ് ചൈന നടത്തിയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്തൊനീഷ്യ വഴിയുള്ള പരോക്ഷ കയറ്റുമതി 25 ശതമാനവും ഉയര്‍ന്നു. ഇത്തരത്തില്‍ പരോക്ഷമായി (ട്രാന്‍സ്-ഷിപ്പിങ്) യുഎസിലെത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം 40 ശതമാനം ഇറക്കുമതി തീരുവ ചുമത്തിത്തുടങ്ങിയിട്ടുണ്ട്.
മേയില്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 17 ശതമാനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേമാസം ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി രേഖപ്പെടുത്തിയ വര്‍ധന 22.4 ശതമാനമാണ്. ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളും മറ്റും ഇന്ത്യയില്‍ അസംബ്ലിങ് നടത്തിയശേഷം നിരവധി ചൈനീസ് കമ്പനികള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. യുഎസിലേക്കുള്ള കയറ്റുമതിക്ക് തീരുവഭാരം കൂടിയതോടെ മറ്റ് വിപണികളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനുള്ള ശ്രമവും നടത്തുകയാണ് ചൈന. മേയില്‍ യുഎഇയിലേക്കുള്ള ചൈനീസ് കയറ്റുമതി 20% ഉയര്‍ന്നിരുന്നു.