/kalakaumudi/media/media_files/2025/09/01/trump-2025-09-01-15-48-52.jpg)
വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്കും 100% തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. അതേസമയം അമേരിക്കയില്‍ ഫാക്ടറി സ്ഥാപിച്ച് മരുന്ന് ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് ഈ തീരുവ ബാധകമല്ല.
ബ്രാന്‍ഡഡ്, പേറ്റന്‍ഡഡ് മരുന്നുകള്‍ക്കാണ് പുതുക്കിയ തീരുവയാഘാതം. മരുന്നിന് പുറമേ ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനം, അടുക്കളയിലെ കാബിനറ്റുകള്‍ (ബോക്‌സുകള്‍), ബാത്ത്‌റൂമിലെ സിങ്ക്, ബോക്‌സുകള്‍ (ബാത്ത്‌റൂം വാനിറ്റീസ്) എന്നിവയ്ക്കും ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുംവിധം 50 ശതമാനം എന്നിങ്ങനെയും തീരുവ ട്രംപ് പ്രഖ്യാപിച്ചു.
ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം ആഗോള സമ്പദ് വ്യവസ്ഥയെയാകെ ഉലയ്ക്കുമെന്നും വ്യാപാരയുദ്ധം പുതിയതലത്തിലേക്ക് കടക്കുമെന്നുമാണ് വിലയിരുത്തല്‍. മരുന്നുകള്‍ക്കുമേല്‍ നിലവില്‍ പ്രഖ്യാപിച്ചത് 'ചെറിയ' തീരുവ മാത്രമാണെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. ഇത് പിന്നീട് 150 ശതമാനത്തിലേക്കും ശേഷം 250 ശതമാനത്തിലേക്കും ഉയര്‍ത്തുമെന്നുമാണ് മുന്നറിയിപ്പ്.
അമേരിക്കയിലേക്കുള്ള റോബോട്ടിക്‌സ്, വ്യവസായിക മെഷീനറികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്കുമേല്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മരുന്നുകള്‍ക്ക് ഉള്‍പ്പെടെ ട്രംപ് ഉയര്‍ന്ന താരിഫ് ചുമത്തിയത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ചാണ് അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് പ്രതികൂലമെങ്കില്‍ ഇവയും കനത്ത തീരുവ നേരിടേണ്ടിവരും. എന്‍95 മാസ്‌ക്, കൈയുറകള്‍, സര്‍ജിക്കല്‍ മാസ്‌ക്, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.