വാഷിംഗ്‌ടൺ:ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കുന്നതിനു മുൻപായി വിദേശ വിദ്യാർത്ഥികൾ മടങ്ങിയെത്തണമെന്നു യു എസ് സർവ്വകലാശാലകൾ.ജനുവരി 20 നാണ് ട്രംപ് അധികാരമേൽക്കുന്നത്.അധികാരത്തിൽ എത്തുന്ന ആദ്യ ദിവസങ്ങളിൽ തന്നെ യാത്രാവിലക്ക് ഉൾപ്പെടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിൽ ട്രംപ് ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്.
യു എസിൽ പഠിക്കുകയും ജോലി ചെയ്കയും ചെയ്യുന്ന എല്ലാ വിദേശികളെയും ഇത് ബാധിക്കും.ഇന്ത്യയിൽ നിന്നും അനേകം വിദ്യാർത്ഥികൾ അവിടെ പഠിക്കുകയും അനേകം പ്രൊഫഷണലുകൾ അവിടെ ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ട്രംപിന്റെ ഒന്നാം ഭരണകാലത്തു 2017 ൽ ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് വലിയ ആശങ്കകൾക്കു കാരണമായിരുന്നു.രണ്ടാമത് ഭരണം ഏൽക്കുന്ന ട്രംപ് ഇത്തരത്തിൽ സമാനമായ സാഹചര്യം ഉണ്ടാക്കുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും സർവകലാശാലകളും.
ഈ സാഹചര്യത്തിലാണ് യു എസിനു പുറത്തുള്ള വിദേശ വിദ്യാർത്ഥികളോട് എത്രയും വേഗം മടങ്ങിയെത്താൻ നിർദ്ദേശം നൽകിയത്.ഈ കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെയും ഔദ്യോഗിക പ്രതികരണം ഒന്നുംനടത്തിയിട്ടില്ല.ഈ വർഷം യു എസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത് കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനം കൂടുതലാണ്.എന്നാൽ ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ നാല് ശതമാനം കുറഞ്ഞിട്ടുണ്ട്.