യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രയേലില്‍

വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടത്തിന്റെ വിജയം ഇരു കൂട്ടരുടെയും നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നതിനാല്‍ വരും ദിവസങ്ങള്‍ നിര്‍ണായകമാണ്

author-image
Biju
New Update
jd vance 2

ടെല്‍ അവീവ്: ഹമാസിനെ ലക്ഷ്യമിട്ട് ഗാസയില്‍ ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ച പശ്ചാത്തലത്തില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇസ്രയേലില്‍ എത്തി. രണ്ടു സൈനികരെ ഹമാസ് വധിച്ചു എന്നാരോപിച്ച് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയതോടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ നടപ്പാക്കിയ സമാധാനക്കരാര്‍ സംരക്ഷിക്കുകയെന്ന ദൗത്യവുമായാണ് വാന്‍സ് ഇസ്രയേലില്‍ എത്തിയത്.

സമാധാനക്കരാറിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് വാന്‍സ് വ്യക്തമാക്കി. ''കഴിഞ്ഞ ഒരാഴ്ചയായി നമ്മള്‍ കണ്ട കാര്യങ്ങള്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്ന വലിയ ശുഭാപ്തിവിശ്വാസം എനിക്ക് നല്‍കുന്നു. എനിക്ക് വളരെ ശുഭാപ്തിവിശ്വാസമുണ്ട്. എന്നാല്‍ ഇത് നൂറു ശതമാനം ഉറപ്പാണ് എന്ന് എനിക്ക് പറയാന്‍ കഴിയുമോ? ഇല്ല. കരാര്‍ ഹമാസ് പാലിക്കുന്നില്ലെങ്കില്‍, വളരെ മോശം കാര്യങ്ങള്‍ സംഭവിക്കും. എന്നാല്‍ ഇതുവരെ യുഎസ് പ്രസിഡന്റ് ചെയ്യാന്‍ വിസമ്മതിച്ച കാര്യം, അതായത് എല്ലാ ഇസ്രായേല്‍ ബന്ദികളുടെയും മൃതദേഹങ്ങള്‍ തിരികെ എത്തിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കുന്നത്, ഞാന്‍ ചെയ്യില്ല. കാരണം, ഈ കാര്യങ്ങളില്‍ പലതും പ്രയാസകരമാണ്,'' വാന്‍സ് പറഞ്ഞു.

ബെഞ്ചമിന്‍ നെതന്യാഹുവുമായി വാന്‍സ് കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് വാന്‍സ് ഇസ്രായേലില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകന്‍ ജറീദ് കഷ്നര്‍ എന്നിവരും ഇസ്രായേലിലുണ്ട്. വെടിനിര്‍ത്തലിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ എണ്‍പതിലേറെ പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇന്നലെയും പതിമൂന്ന് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ വൈകുന്നുവെന്ന് കാട്ടി ഗാസയില്‍നിന്ന് ഈജിപ്തിലേക്കുള്ള റഫ ഇടനാഴി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞു കിടക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കരാര്‍ ലംഘിച്ചെന്ന് പരസ്പരം ആരോപിക്കുന്നുണ്ടെങ്കിലും വെടിനിര്‍ത്തലിനോടുള്ള പ്രതിബദ്ധത ഇസ്രായേലും ഹമാസും ആവര്‍ത്തിക്കുന്നുണ്ട്.

വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടത്തിന്റെ വിജയം ഇരു കൂട്ടരുടെയും നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നതിനാല്‍ വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. അതേസമയം, ചര്‍ച്ചകള്‍ പുനര്‍നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കുന്നതിനു മുന്‍പ് ഹമാസിനെ നിരായുധീകരിക്കണമെന്ന് യുഎസിനുമേല്‍ ഇസ്രായേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ ലംഘിച്ചാല്‍ ഹമാസിനെ 'ഉന്മൂലനം' ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗാസയിലേക്ക് ഭക്ഷണം എത്തിക്കുന്നതിനായി തെക്കന്‍ ഗാസയില്‍ രണ്ട് പാതകള്‍ മാത്രമാണ് ഇസ്രായേല്‍ തുറന്നിരിക്കുന്നത്. പട്ടിണി പടര്‍ന്ന വടക്കന്‍ ഗാസയിലേക്ക് ഒറ്റ വഴിയും തുറന്നിട്ടില്ല. ദിവസവും രണ്ടായിരം ടണ്‍ ഭക്ഷ്യവസ്തുക്കളെങ്കിലും വേണമെന്നാണ് യുഎന്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാം വ്യക്തമാക്കിയത്. എന്നാല്‍ എഴുനൂറ്റി അമ്പത് ടണ്‍ മാത്രമാണ് എത്തുന്നത്.

കരാര്‍ പ്രകാരം ബന്ദികളുടെ പതിമൂന്ന് മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയത്. പതിനഞ്ച് എണ്ണം കൂടി കൈമാറാനുണ്ട്. ഇസ്രായേല്‍ കൈമാറിയ പലസ്തീന്‍കാരുടെ നൂറ്റമ്പത് മൃതദേഹങ്ങളില്‍ മുപ്പത്തിരണ്ട് എണ്ണം മാത്രമാണ് തിരിച്ചറിയാനായത്. തടവുകാര്‍ കടുത്ത പീഡനം നേരിട്ടതിന്റെ അടയാളങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇസ്രായേല്‍ ഗാസയില്‍ നടത്തിയത് വംശഹത്യയില്‍ കുറഞ്ഞൊന്നുമല്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.