/kalakaumudi/media/media_files/2025/11/02/trump-2025-11-02-17-08-45.jpg)
വാഷിങ്ടന്‍: ലോകാരോഗ്യസംഘടനയില്‍നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങി യുഎസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. പിന്‍വാങ്ങുന്നതിന് ഒരുവര്‍ഷം മുന്‍പ് അതത് രാജ്യം നോട്ടിസ് നല്‍കണമെന്നാണു നിയമം. അതേസമയം യുഎസ് 270 മില്യന്‍ ഡോളറിലധികം കുടിശ്ശിക നല്‍കാനുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
യുഎസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും (എച്ച്എച്ച്എസ്) സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും യുഎസിന്റെ പിന്മാറ്റം സ്ഥിരീകരിച്ചു. പ്രധാന ദൗത്യത്തില്‍ നിന്ന് ലോകാരോഗ്യ സംഘനടന വ്യതിചലിച്ചെന്നും പരിഷ്‌കരണം, ഉത്തരവാദിത്തം, സുതാര്യത എന്നീ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും എച്ച്എച്ച്എസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കോവിഡ് 19 വൈറസ് ബാധ കൈകാര്യം ചെയ്ത കാര്യത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കു വീഴ്ചയുണ്ടായെന്നായിരുന്നു യുഎസ് നിലാപട്. കോവിഡിനെതിരെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന കാലതാമസം വരുത്തിയെന്നും പല കാര്യങ്ങളിലും യുഎസിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരായി ലോകാരോഗ്യ സംഘടന പ്രവര്‍ത്തിച്ചെന്നും യുഎസ് ആരോപിച്ചു. ചൈന അടക്കമുള്ള മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ഫണ്ട് യുഎസ് കൈമാറിയെന്നും എന്നാല്‍ ഇതുവരെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായി ഒരു അമേരിക്കക്കാരനും സേവനം ചെയ്യാന്‍ അവസരം കിട്ടിയില്ലെന്നും യുഎസ് ആരോപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
