/kalakaumudi/media/media_files/dL5WxgmluEv8yhkcUTb3.jpeg)
ജനീവ: എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ബയോടെക്നോളജി കമ്പനിയായ ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത എംവിഎ–ബിഎൻ വാക്സീനാണ് ഡബ്ല്യുഎച്ച്ഒ പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്.
ബവേറിയൻ നോർഡിക്കിന്റെ പരീക്ഷണങ്ങളുടെയും അതിൽ യൂറോപ്യൻ മെഡിസിൻസ് ഏജൻസി നടത്തിയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് വാക്സീന് അംഗീകാരം നൽകിയത്. സ്വന്തം നിലയിൽ വാക്സീൻ പരീക്ഷണങ്ങൾക്കു സാഹചര്യമില്ലാത്ത അവികസിത–വികസ്വര രാജ്യങ്ങൾക്കായി വാക്സീനുകളുടെയും മരുന്നുകളുടെയും ചികിത്സാരീതികളുടെയും സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്താൻ ഡബ്ല്യുഎച്ച്ഒ സ്വീകരിച്ചിട്ടുള്ള സംവിധാനമാണ് പ്രീ ക്വാളിഫിക്കേഷൻ.
അടിയന്തരമായി വാക്സീൻ ആവശ്യമുള്ള മേഖലകളിലേക്ക് മാത്രം എംവിഎ–ബിഎൻ വിതരണം ചെയ്യാനാണ് ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം. വാക്സീന്റെ പ്രീ ക്വാളിഫിക്കേഷൻ എംപോക്സിനെതിരെയുള്ള പോരാട്ടത്തിൽ നിർണായകമായ ചുവടുവയ്‌പ്പാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് പറഞ്ഞു. ആവശ്യമുള്ളിടത്തെല്ലാം എത്തിക്കാൻ വേണ്ട വാക്സീനുകൾ ഉറപ്പുവരുത്താനും അതിനുവേണ്ട സംഭാവനകൾ ശേഖരിക്കുകയുമാണ് ഇനി അടിയന്തരമായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
