ബസ്‌കണ്ടക്ടറില്‍ നിന്ന് മയക്കുമരുന്ന് ചക്രവര്‍ത്തിയിലേക്കുള്ള യാത്ര

ഹെസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഒരു യൂണിയന്‍ നേതാവായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന മഡുറോ, സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു

author-image
Biju
New Update
400

ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യത്തെ പട്ടിണിയിലേക്കും ആഭ്യന്തര യുദ്ധത്തിലേക്കും തള്ളിവിട്ട നിക്കോളാസ് മഡ്യൂറോ എന്ന മുന്‍ 'ബസ് ഡ്രൈവര്‍' ഒടുവില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായിരിക്കുകയാണ്. ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി എത്തി വെനസ്വേലയെ ഒരു നരകമാക്കി മാറ്റിയ മഡുറോയുടെ ജീവിതം നാടകീയമായ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്.

1962 നവംബര്‍ 23-ന് കാരക്കാസിലാണ് നിക്കോളാസ് മഡുറോ മോറോസ് ജനിച്ചത്. ഹെസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഒരു യൂണിയന്‍ നേതാവായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന മഡുറോ, സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെങ്കിലും, കാരക്കാസില്‍ ബസ് ഡ്രൈവറായി ജോലി നോക്കുന്നതിനിടെ അദ്ദേഹം ഒരു മികച്ച സംഘാടകനായും ട്രേഡ് യൂണിയന്‍ നേതാവായും പേരെടുത്തു.

Also Read: https://www.kalakaumudi.com/international/trump-says-us-has-struck-venezuela-and-maduro-has-been-removed-from-country-10968603

1990-കളുടെ അവസാനത്തില്‍ വെനസ്വേലന്‍ വിപ്ലവനായകന്‍ ഹ്യൂഗോ ഷാവേസിന്റെ അടുത്ത അനുയായി മാറിയതോടെയാണ് മഡുറോയുടെ രാഷ്ട്രീയ ജീവിതം മാറിയത്. കാരക്കാസിലെ മെട്രോ ബസ് ഡ്രൈവറായി ജോലി നോക്കുമ്പോഴാണ് ട്രേഡ് യൂണിയന്‍ നേതാവായി രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. 2006 മുതല്‍ 2013 വരെ വിദേശകാര്യ മന്ത്രിയായും പിന്നീട് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഷാവേസിന്റെ 'ചാവിസ്മോ' എന്ന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉറച്ച വക്താവായിരുന്നു അദ്ദേഹം. തന്റെ മരണത്തിന് മുന്‍പ് ഷാവേസ് തന്നെ മഡ്യൂറോയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. 2013-ല്‍ ഷാവേസിന്റെ മരണശേഷം മഡ്യൂറോ അധികാരം പിടിച്ചെടുത്തത് മുതല്‍ വെനസ്വേലയുടെ കഷ്ടകാലം തുടങ്ങി.

'ഷാവേസ് ദെ ലോ ജൂറോ, മി വോട്ട് എസ് പാരാ മധുറോ'' എന്നായിരുന്നു ഷാവേസിന്റെ മരണ ശേഷം നടന്ന 2013ലെ തിരഞ്ഞെടുപ്പിലെ ഔദ്യോഗിക മുദ്രാവാക്യം. 'ഷാവേസ് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എന്റെ വോട്ട് മഡൂറോക്ക്' എന്നര്‍ഥം. ഷാവേസിന്റെ ഓര്‍മകളെ ഓരോ അണുവിലും ആവാഹിച്ചിട്ടും മഡ്യൂറോക്ക് ആ തിരഞ്ഞെടുപ്പില്‍ തിളക്കം കുറഞ്ഞ വിജയമേ നേടാനായുള്ളൂ. 2018 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി രണ്ടാമൂഴം. 40 ശതമാനം പേര്‍ മാത്രം വോട്ട് ചെയ്ത ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ പലതും സജീവമായിരുന്നില്ല.

പിന്നീട് നടന്ന സാമ്പത്തിക പ്രതിസന്ധിയില്‍ മഡൂറോയുടെ കാലിടറി. അയാളുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. പക്ഷേ ഈ പ്രശ്നം മഡൂറോയുടെത് മാത്രമായിരുന്നില്ല. ഷാവേസ് തന്നെ സൃഷ്ടിച്ചതായിരുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ കൊടുത്തിരുന്ന സ്വകാര്യ മേഖലയിലെ സംരംഭങ്ങള്‍ ഇയാള്‍ ഒറ്റയടിക്ക് ഷാവേസ് ദേശസാല്‍ക്കരിച്ചു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്കി മാറ്റി. അവിടെയെല്ലാം സ്വന്തം പാര്‍ട്ടിക്കാരെയും അനുയായികളെയും പാര്‍ശ്വവര്‍ത്തികളെയും കുത്തിക്കയറ്റി. ഇടക്കിടെ അമേരിക്കന്‍ വിരുദ്ധ പ്രസംഗം നടത്തിയാണ് ഷാവേസ് പിടിച്ചു നിന്നത്. പക്ഷേ അദ്ദേഹത്തിന്റെ മരണത്തിനുശേഷം എണ്ണ പ്രതിസന്ധിയുണ്ടായതോടെ രാജ്യം ശരിക്കും കൂപ്പുകുത്തി. സര്‍ക്കാര്‍ പിടിച്ചെടുത്ത ഭുമി കൃഷിക്കോ വ്യവസായങ്ങള്‍ക്കോ ഉപയോഗിക്കാതെ തരിശിട്ടത് സമ്പന്ന രാജ്യത്തെ ദാരിദ്ര്യത്തിലേയ്ക്ക് കൂപ്പുകുത്തിച്ചു. എക്സോണ്‍ മൊബില്‍ അടക്കമുള്ള ഭീമന്‍ നിക്ഷേപകര്‍ രാജ്യം വിട്ടു.

എണ്ണകയറ്റുമതിയിലൂടെ വന്‍ പണം വെനസ്വേലയിലേയ്ക്ക് ഒഴുകിയ ഒരു കാലഘട്ടമുണ്ടായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താനും ദീര്‍ഘവീഷണത്തോടെയുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെട്ടതാണ് വെനസ്വേലയുടെ പതനത്തിന് കാരണം. പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഷാവെസ് 199-9ല്‍ വെനസ്വേലയുടെ പ്രസിഡന്റായി നാല്‍പ്പത്തിനാലാം വയസില്‍ അവരോധിക്കപ്പെട്ടപ്പോള്‍ വെനസ്വേലയുടെ സാമ്പത്തിക സ്ഥിതി ആശാവഹമായിരുന്നില്ല. ജനങ്ങളില്‍ പകുതിപേരും ദാരിദ്ര്യ രേഖയ്ക്കു താഴെയായിരുന്നു.

എണ്ണവില പെട്ടെന്നുയരാന്‍ തുടങ്ങുകയും കാലക്രമത്തില്‍ 100 ഡോളര്‍ വരെയാവുകയും ചെയ്തു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ഒട്ടേറെ പരിപാടികള്‍ നടപ്പാക്കാന്‍ എണ്ണപ്പണം ഷാവെസ് ഉപയോഗിച്ചു. ഭക്ഷണവും മരുന്നും അവശ്യ സാധനങ്ങളും കുറഞ്ഞ വിലയ്ക്കു ലഭിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ സന്തുഷ്ടരായി. തുടര്‍ന്ന് നടത്തിയ മൂന്നു തിരഞ്ഞെടുപ്പുകളില്‍ ഷാവെസ് തന്നെ വെനസ്വേലയില്‍ ജയിച്ചു കയറി. യുഎസ് ഉപരോധം മൂലം വീര്‍പ്പുമുട്ടിയിരുന്ന ക്യൂബയെ സഹായിക്കാനും പെട്രോഡോളര്‍ ഷാവെസിനു തുണയായി. പക്ഷേ ഷാവേസിനുശേഷം രാജ്യം വീണു.

ഷാവേസിന്റെ കാലത്തെ ജനക്ഷേമ പദ്ധതികള്‍ മഡുറോയുടെ കാലത്ത് വന്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമുള്ള വഴികളായി മാറി. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിരുന്ന വെനസ്വേലയെ മഡുറോയുടെ വികലമായ നയങ്ങള്‍ ഒരു ഇടത്തരം നഗരത്തിന്റെ സാമ്പത്തിക നിലവാരത്തിലേക്ക് എത്തിച്ചു.

ഒരു നേരത്തെ ഭക്ഷണത്തിന് ചാക്കില്‍ പണം കൊണ്ടുപോകേണ്ട ഗതികേടിലേക്ക് ജനങ്ങള്‍ എത്തി. മഡുറോയുടെ ഭരണകൂട ഭീകരതയും പട്ടിണിയും ഭയന്ന് 80 ലക്ഷത്തിലധികം ജനങ്ങളാണ് രാജ്യം വിട്ട് പലായനം ചെയ്തത്. മയക്കുമരുന്ന് കടത്ത്, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ ആരോപണങ്ങള്‍ മഡുറോയ്ക്ക് മേല്‍ ഉയര്‍ന്നിട്ടുണ്ട്. അമേരിക്ക അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുകയും അദ്ദേഹത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അമേരിക്കയുടെ ഉപരോധങ്ങളാണെന്ന് മഡുറോ ഇപ്പോഴും ആവര്‍ത്തിക്കുന്നു.

അധികാരത്തില്‍ തുടരാന്‍ സൈന്യത്തെ കൂട്ടുപിടിച്ച മഡുറോ, വെനസ്വേലന്‍ ജനറല്‍മാരെ മയക്കുമരുന്ന് കടത്തിന്റെ ഭാഗമാക്കി മാറ്റിയെന്നാണ് അമേരിക്കന്‍ ഏജന്‍സികള്‍ ആരോപിക്കുന്നത്. 'കാര്‍ട്ടല്‍ ഡി ലോസ് സോള്‍സ്' (സണ്‍ കാര്‍ട്ടല്‍) എന്ന അധോലോക സംഘത്തിന്റെ തലവനായി മഡുറോ പ്രവര്‍ത്തിച്ചുവെന്നും ടണ്‍ കണക്കിന് കൊക്കെയ്ന്‍ അമേരിക്കയിലേക്ക് കടത്തിയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ട്രംപ് ഭരണകൂടം മഡുറോയെ വേട്ടയാടുമെന്ന് പ്രഖ്യാപിച്ചത്.

വധശ്രമത്തില്‍ നിന്ന് പലതവണയാണ് മഡൂറോ രക്ഷപ്പെട്ടത്. വെനസ്വേലന്‍ സൈന്യത്തിന്റെ എണ്‍പത്തി ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ ആക്രമണം നടന്നിരുന്നു. പറന്നുവന്ന ഡ്രോണുകള്‍ പ്രസിഡന്റിനുമുന്നില്‍ പൊട്ടിത്തെറിച്ചുവെങ്കിലും മഡൂറോ അത്ഭുതകരമായി രക്ഷപ്പെട്ടു. വധശ്രമങ്ങള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. വിദേശശക്തികളാണ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും സ്വന്തം രാജ്യത്തുതന്നെയാണ് മഡൂറോയുടെ ശത്രുക്കള്‍.

2017- ജൂണിലുണ്ടായ ചില സംഭവികാസങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചിരുന്നു. മഡൂറോ സര്‍ക്കാരിന്റെ പ്രധാന നോട്ടപ്പുള്ളിയായിരുന്ന ഓസ്‌കര്‍ പെരെസ് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് വലിയ ഒരു പോരാട്ടത്തിന് ശേഷമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പെരസ്, മഡൂറോ ഭരണത്തില്‍ പ്രതിഷേധിച്ച് ആക്രമണങ്ങള്‍ക്ക് മുന്നിട്ടറങ്ങി. 2017 ജൂണില്‍ പൊലീസ് സേനയുടെ ഹെലികോപ്റ്റര്‍ തട്ടിയെടുത്ത് സുപ്രീംകോടതിയിലും മന്ത്രിമന്ദിരത്തിലും ബോംബിട്ടു.ഏറ്റുമുട്ടലുകള്‍ക്ക് ഒടുവില്‍ സൈന്യം ഇയാളെ വെടിവച്ചുകൊന്നു.

2017-ല്‍ സൈന്യത്തിലെ ഒരു വിഭാഗം മഡ്യൂറോയെ തീര്‍ക്കാന്‍ കരുക്കള്‍ നീക്കിയെങ്കിലും പടിഞ്ഞാറന്‍ കാരക്കസില്‍ സൈനികതാവളങ്ങള്‍ പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിച്ചു. ഈ ശ്രമവും പാതിവഴിയില്‍ നിലച്ചു. 2016-ലായിരുന്നു പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മഡൂറോയ്ക്കുനേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി. വിശപ്പുമാറ്റാന്‍ വകയില്ലാതെ കഴിഞ്ഞവര്‍ പ്രസിഡന്റിനെ കണ്ടപ്പോള്‍ പൊട്ടിത്തെറിച്ചു. വീട്ടിലെ ചട്ടിയും കലവും എറിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് അന്ന് തെരുവില്‍ പ്രതിഷേധിച്ചത്.ബഹുഭൂരിപക്ഷം ജനങ്ങളും വെറുത്തിട്ടും പ്രതിപക്ഷപാര്‍ട്ടികളെയൊക്കെ നിശബ്ദരാക്കി മഡൂറോ അധികാരത്തില്‍ തുടരുകയായിരുന്നു.

ഏറ്റവും ഒടുവില്‍ 2024-ല്‍ നടന്ന തിരഞ്ഞെടുപ്പിലും വന്‍ ക്രമക്കേട് നടത്തി മഡുറോ വിജയം പ്രഖ്യാപിച്ചു. എഡ്മണ്ടോ ഗോണ്‍സാലസ് ഉറുട്ടിയ എന്ന പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. വോട്ടിംഗ് മെഷീനുകളിലെ 80% ഡാറ്റ പുറത്തുവിട്ടുകൊണ്ട് തങ്ങളാണ് വിജയിച്ചതെന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചു എന്നത് മഡുറോയുടെ നിലനില്‍പ്പിന് വലിയ വെല്ലുവിളിയായിരുന്നു.

വേതനത്തിലെ ഇടിവ്, പട്ടിണി, തകരുന്ന എണ്ണവ്യവസായം, കുടിയൊഴിക്കല്‍ കാരണം കുടുംബങ്ങളുടെ വേര്‍പെടല്‍ എന്നിവയെല്ലാം വോട്ടര്‍മാരെ വെറുപ്പിച്ചിരുന്നു. എന്നിട്ടും ഒരുവട്ടം കൂടി മധൂറോ ജയിച്ചതോടെ നാട്ടുകാരുടെ വിദേശ കുടിയേറ്റം അനിവാര്യമായി.

മയക്കുമരുന്ന് കടത്ത് ആരോപിച്ചു അമേരിക്കന്‍ നീതിന്യായ വകുപ്പ് മഡുറോയ്‌ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അദ്ദേഹത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ദശലക്ഷം ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. അമേരിക്കന്‍ ഉപരോധങ്ങള്‍ കാരണം രാജ്യത്തെ എണ്ണ വ്യവസായം തകരുകയും മഡുറോയുടെ അന്താരാഷ്ട്ര യാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന വിമാനം പോലും അമേരിക്ക കണ്ടുകെട്ടുകയും ചെയ്തു.

തന്റെ പരാജയങ്ങള്‍ക്ക് കാരണം അമേരിക്കയുടെ ഉപരോധങ്ങളാണെന്ന് മഡുറോ ആവര്‍ത്തിക്കുമ്പോഴും, ഭരണകൂടത്തിന്റെ അഴിമതിയും അടിച്ചമര്‍ത്തലുമാണ് രാജ്യത്തെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ പക്ഷം. ജനകീയ പ്രക്ഷോഭത്തെ തോക്കിന്‍മുനയില്‍ നേരിട്ട മഡുറോയ്ക്ക് ഒടുവില്‍ അമേരിക്കന്‍ സൈന്യത്തിന്റെ 'ഓപ്പറേഷന്‍ സതേണ്‍ സ്പിയറിന്' മുന്നില്‍ കീഴടങ്ങേണ്ടി വന്നു.

വെനസ്വേലയുടെ എണ്ണ സമ്പത്ത് മുഴുവന്‍ വിദേശ രാജ്യങ്ങള്‍ക്ക് വിറ്റുതുലയ്ക്കുകയും സ്വന്തം ജനതയെ പട്ടിണിക്കിട്ടു കൊല്ലുകയും ചെയ്ത ഒരു ഭരണാധികാരിയുടെ അന്ത്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അമേരിക്കയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ മഡ്യൂറോയെ കാത്തിരിക്കുന്നത് പതിറ്റാണ്ടുകള്‍ നീളുന്ന ജയില്‍ ശിക്ഷയാണ്.