/kalakaumudi/media/media_files/2026/01/06/mm5-2026-01-06-08-54-46.jpg)
വാഷിങ്ടണ്‍: തന്നെ തട്ടിക്കൊണ്ടുവന്നതാണെന്നും താന്‍ ഇപ്പോഴും വെനിസ്വേലയുടെ ഭരണഘടനാപരമായ പ്രസിഡന്റാണെന്നും നിക്കോളാസ് മഡുറോ യുഎസ് കോടതിയില്‍. അമേരിക്ക സൈനിക നീക്കത്തിലൂടെ പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ച മഡുറോ, മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുറ്റം നിഷേധിച്ചത്. ലഹരി ഭീകരവാദം, ലഹരിമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ട്രംപ് ഭരണകൂടം മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 'ഞാന്‍ നിരപരാധിയാണ്... ഞാന്‍ ഒരു മാന്യനായ മനുഷ്യനാണ്' എന്ന് സ്പാനിഷ് ഭാഷയില്‍ മഡുറോ പ്രതികരിച്ചു. ജനുവരി 3-ന് ശനിയാഴ്ച പുലര്‍ച്ചെ കാരക്കാസിലെ തന്റെ വീട്ടില്‍ നിന്ന് തന്നെ 'തട്ടിക്കൊണ്ടുപോയതാ'ണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. എന്നാല്‍ മഡുറോയുടെ വാദങ്ങള്‍ തടഞ്ഞ ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്‌റ്റൈന്‍, ഇത് കേവലം പ്രാഥമിക നടപടികള്‍ മാത്രമാണെന്നും വാദങ്ങള്‍ പിന്നീട് കേള്‍ക്കാമെന്നും വ്യക്തമാക്കി.
നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്‌ലോറസും തങ്ങള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതിയില്‍ നിഷേധിച്ചിട്ടുണ്ട്. ജയില്‍ വസ്ത്രം ധരിപ്പിച്ചായിരുന്നു മഡുറോയെ കോടതിയില്‍ ഹാജരാക്കിയത്. താന്‍ വെനിസ്വേലയുടെ നിയമാനുസൃതമായ പ്രസിഡന്റാണെന്നും വിദേശ മണ്ണില്‍ വെച്ച് തന്നെ തടവിലാക്കിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹതം വാദിച്ചു. മഡുറോയുടെ അഭിഭാഷകന്‍ അദ്ദേഹത്തെ പിടികൂടിയ രീതിയും കോടതിയില്‍ ചോദ്യം ചെയ്തു.
മെക്‌സിക്കോയിലെ സിനലോവ കാര്‍ട്ടല്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ ലഹരിമരുന്ന് സംഘങ്ങളുമായി ചേര്‍ന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മഡുറോയും സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. വെനിസ്വേലയിലെ ഔദ്യോഗിക സംവിധാനങ്ങളെ ലഹരിമരുന്ന് കടത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. കേസിലെ അടുത്ത വാദം മാര്‍ച്ച് 17 ന് നടക്കും.
മഡുറോയുടെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റായിരുന്ന ഡെല്‍സി റോഡ്രിഗസ് വെനിസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. തുടക്കത്തില്‍ അമേരിക്കയെ വിമര്‍ശിച്ച റോഡ്രിഗസ്, പിന്നീട് വാഷിംഗ്ടണുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സൂചന നല്‍കി. എന്നാല്‍ വെനിസ്വേലയുടെ എണ്ണ സമ്പത്തിന് മേല്‍ നിയന്ത്രണം ഉറപ്പാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന ആരോപണം റഷ്യയും ചൈനയും ഉയര്‍ത്തിയിട്ടുണ്ട്. യുഎന്‍ രക്ഷാസമിതി ഈ വിഷയത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അന്താരാഷ്ട്ര തലത്തില്‍ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് മഡുറോയുടെ അറസ്റ്റ് വഴിതെളിച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
