ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുസമൂഹത്തിനുനേരെ അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ഗൗരവതരമായ ആശങ്ക അറിയിച്ച് ഇന്ത്യ. മാധ്യമങ്ങളുമായി നടത്തുന്ന പ്രതിവാര കൂടിക്കാഴ്ചയിലാണ് ബംഗ്ലാദേശിനെ ആശങ്ക അറിയിച്ച വിവരം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ഹിന്ദുവിഭാഗത്തെയും മറ്റ് ന്യൂനപക്ഷ സമൂഹങ്ങളെയും ലക്ഷ്യമാക്കിയുള്ള അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരുമായി ഇന്ത്യ നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു. എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇടക്കാല സര്‍ക്കാര്‍ നിറവേറ്റണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ബംഗ്ലാദേശില്‍ തീവ്രവാദ സ്വഭാവമുള്ള പ്രചാരണങ്ങള്‍ ഉയരുന്നതും അക്രമങ്ങളും പ്രകോപനങ്ങളും വര്‍ധിക്കുന്നതും കേവലം മാധ്യമസൃഷ്ടിയാണെന്നു കണക്കാക്കാനാകില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.