സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗം ഒട്ടേറെ പ്രശ്‌നങ്ങള്‍ മനുഷ്യരിലുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ധാരാളം പഠനങ്ങളുണ്ട്. മുതിര്‍ന്നവരെ പോലും ബാധിക്കുന്ന ഈ സോഷ്യല്‍ മീഡിയാ അഡിക്ഷന്‍ കുട്ടികളേയും സാരമായി തന്നെ ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സോഷ്യല്‍ മീഡിയാ ഉപയോഗം സ്വയം നിയന്ത്രിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം.
മുതിര്‍ന്നവര്‍ക്ക് ഇത് സ്വയം പാലിക്കുകയോ അല്ലെങ്കില്‍ വിദഗ്ധരുടെ സഹായം തേടുകയോ ചെയ്യാം. എന്നാല്‍ കൗമാരക്കാരുടെ കാര്യമോ? ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാല്‍ അത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ് പോലും അവരില്‍ ഉണ്ടാകണമെന്നില്ല. അത് മനസിലാകുമ്പോഴേക്ക് വൈകിപ്പോയിരിക്കുകയും ചെയ്യും. ഈ പ്രശ്‌നത്തെ നേരിടാനായി ഒരു ബില്‍ കൊണ്ടുവന്നിരിക്കുകയാണ് യുഎസ് സംസ്ഥാനമായ വിര്‍ജീനിയ.
കണ്‍സ്യൂമര്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട് ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്‍ വിര്‍ജീനിയ ഗവര്‍ണര്‍ ഗ്ലെന്‍ യോങ്കിന്‍ ഒപ്പുവെച്ചു. പതിനാറ് വയസില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിയന്ത്രിക്കുകയാണ് നിയമഭേദഗതിയുടെ പ്രധാനലക്ഷ്യം. ഇതുപ്രകാരം കൗമാരക്കാര്‍ക്ക് ഓരോ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമും ദിവസം ഒരുമണിക്കൂര്‍ മാത്രമായി പരിമിതപ്പെടുത്തും. ഒപ്പം രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിരീക്ഷിക്കുകയും ചെയ്യാം.
മറ്റൊരു പ്രധാന കാര്യവും ബില്ലില്‍ പറയുന്നു. ഉപഭോക്താക്കളുടെ പ്രായം നിഷ്പക്ഷമായി വേണം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ചോദിക്കാനെന്നാണ് ബില്ലിലെ നിര്‍ദേശം. പ്രത്യേകമായൊരു ഉത്തരം നല്‍കാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കാത്ത തരത്തിലാണ് പ്രായം ചോദിക്കേണ്ടത്. ഇതില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രായം ഉറപ്പാക്കാന്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
വിഷാദം, ഉത്കണ്ഠ, സൈബര്‍ ബുള്ളിയിങ് തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിക്കുന്നതിലൂടെ കുട്ടികളില്‍ ഉണ്ടാകുന്നത്. ഇത്തരം ആഘാതങ്ങള്‍ തടഞ്ഞ് കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കണമെന്ന് ഒട്ടേറെ പേരാണ് അധികൃതരോട് ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിച്ചാണ് വിര്‍ജീനിയ പുതിയ ബില്‍ കൊണ്ടുവന്നത്.