സെലെന്‍സ്‌കിയെ മാറ്റിയാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് പുട്ടിന്‍

റഷ്യ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ പതിനായിരക്കണക്കിനു പേരാണ് ഇരുപക്ഷത്തും കൊല്ലപ്പെട്ടത്. നാറ്റോ സഖ്യത്തില്‍ അംഗത്വമെടുക്കാനും സൈനിക ശക്തി വര്‍ധിപ്പിക്കാനും യുക്രെയ്ന്‍ ശ്രമിച്ചതാണ് യുദ്ധത്തിന് ഇടയാക്കിയതെന്നാണ് തുടക്കം മുതല്‍ റഷ്യ ആരോപിക്കുന്നത്.

author-image
Biju
New Update
adgs

മോസ്‌കോ: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ മാറ്റിയാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പുകളാകാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. സെലന്‍സ്‌കിയെ മാറ്റി ഒരു താല്‍ക്കാലിക ഭരണകൂടം ഉണ്ടാകുകയാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകളാകാമെന്നും പുട്ടിന്‍ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയ്ക്കും യുഎസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും യുക്രെയ്നില്‍ താല്‍ക്കാലിക ഭരണസംവിധാനമുണ്ടാക്കാന്‍ മുന്നോട്ടുവരാനാകുമെന്നും പുട്ടിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

റഷ്യ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ പതിനായിരക്കണക്കിനു പേരാണ് ഇരുപക്ഷത്തും കൊല്ലപ്പെട്ടത്. നാറ്റോ സഖ്യത്തില്‍ അംഗത്വമെടുക്കാനും സൈനിക ശക്തി വര്‍ധിപ്പിക്കാനും യുക്രെയ്ന്‍ ശ്രമിച്ചതാണ് യുദ്ധത്തിന് ഇടയാക്കിയതെന്നാണ് തുടക്കം മുതല്‍ റഷ്യ ആരോപിക്കുന്നത്. സെലന്‍സ്‌കിയെയാണ് പ്രധാനമായും റഷ്യന്‍ നേതൃത്വം കുറ്റപ്പെടുത്തുന്നത്. യുഎസില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. റഷ്യയ്ക്ക് അനുകൂലമായ നിബന്ധനകള്‍ അംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കേണ്ടിവരുമോയെന്ന ഭയത്തിലാണ് യുക്രെയ്ന്‍.

വൊളോഡിമിര്‍ സെലെന്‍സ്‌കിയും ഡോണള്‍ഡ് ട്രംപുമായി നടന്ന ചര്‍ച്ചയില്‍ വാക്കേറ്റവും വെല്ലുവിളിയും ഉണ്ടായതിനെ തുടര്‍ന്ന് ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു. ചര്‍ച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിന്‍ കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

പുട്ടിന്‍ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെന്‍സ്‌കി, യുദ്ധം അവസാനിപ്പിക്കാന്‍ തയാറെങ്കില്‍ ഉറപ്പുകള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെന്‍സ്‌കിയുടേതെന്ന് ട്രംപ് ആരോപിച്ചതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തില്‍ ട്രംപിനെ സെലെന്‍സ്‌കി പരസ്യമായി വെല്ലുവിളിച്ചു. പിന്നീട് സെലന്‍സ്‌കി ട്രംപിനോട് മാപ്പു പറഞ്ഞു.

 

president vladimir putin