/kalakaumudi/media/media_files/2025/03/27/joCMNDCU5jFs6DznOP8o.jpg)
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ മരണം ഉടന്‍തന്നെ ഉണ്ടാകുമെന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. മൂന്ന് വര്‍ഷമായി തുടരുന്ന റഷ്യയുക്രെയ്ന്‍ യുദ്ധം അങ്ങനെ മാത്രമേ അവസാനിക്കുവെന്നും സെലെന്‍സ്‌കി ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുട്ടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കാജനകമായ അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണു യുക്രെയ്ന്‍ പ്രസിഡന്റിന്റെ വിവാദ പരാമര്‍ശം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പുട്ടിന്‍ ഉടനെ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നും സെലെന്‍സ്‌കി തറപ്പിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി അവശനിലയിലാണ് പുട്ടിനെ പൊതുവേദികളില്‍ കണ്ടിരുന്നത്. കൈകാലുകള്‍ വിറയ്ക്കുന്നതും, നിയന്ത്രണാതീതമായി ചുമയ്ക്കുന്നുതമെല്ലാം പുട്ടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. 2022 ല്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയ്ഗുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മേശയില്‍ തലകുമ്പിട്ടിരിക്കുന്ന പുട്ടിന്റെ വിഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണെന്നും കാന്‍സറാണെന്നുമുള്ള വാര്‍ത്ത പരന്നു. ഇതും റഷ്യ തള്ളികളയുകയായിരുന്നു.
റഷ്യയുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസിന്റെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളിലെയും ഊര്‍ജ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി റഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് രാജ്യാന്തര വിപണിയിലുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കാന്‍ യുഎസ് തയാറായി. കരാറില്‍ ഒപ്പിട്ട് ഒരു ദിവസത്തിനു ശേഷമാണ് സെലെന്‍സ്‌കിയുടെ വിവാദ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.
യുദ്ധം അവസാനിപ്പിക്കണമെന്നു പുട്ടിന് യാതൊരു താല്‍പര്യവുമില്ലെന്നും സമാധാനശ്രമങ്ങളെ കാറ്റില്‍പ്പറത്തുകയാണെന്നും സെലെന്‍സ്‌കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ആഴ്ച മാത്രം 117 ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യ നടത്തിയെന്നും മൂന്നു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിതെന്നും സെലെന്‍സ്‌കി തുറന്നടിച്ചു.