/kalakaumudi/media/media_files/2025/08/07/puin-2025-08-07-16-14-24.jpg)
ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക വ്യാപാരബന്ധം വളളായിരിക്കെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു. സന്ദര്‍ശന തിയതിയുടെ കാര്യത്തില്‍ ഏകദേശ ധാരണയായതായി റഷ്യയില്‍ സന്ദര്‍ശനത്തിന് എത്തിയ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചു. തിയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ലെങ്കിലും ഓഗസ്റ്റ് മാസം അവസാനത്തോടെയാകും പുട്ടിന്‍ ഇന്ത്യയിലെത്തുകയെന്നാണു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യയില്‍ നിന്ന് എണ്ണവാങ്ങി യുക്രെയ്ന്‍ യുദ്ധത്തിന് ഇന്ത്യ സഹായം നല്‍കുകയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയതിനു പിന്നാലെയാണ് പുട്ടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതെന്നതു ശ്രദ്ധേയമാണ്.
വരും ദിവസങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും പുട്ടിന്‍ കൂടിക്കാഴ്ച നടത്തുമെന്നു ക്രെംലിന്‍ വ്യാഴാഴ്ച അറിയിച്ചു. കൂടിക്കാഴ്ചയ്ക്കായി രണ്ടുകൂട്ടരും ശ്രമിക്കുകയാണെന്നും സ്ഥലം സംബന്ധിച്ച കാര്യത്തില്‍ ധാരണയായതായും ഇതു സംബന്ധിച്ചു ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും പുട്ടിന്റെ വിദേശ നയതന്ത്ര ഉപദേശകന്‍ യൂറി ഉഷാകോവ് അറിയിച്ചു.
പുട്ടിനെ നേരില്‍ കാണാന്‍ ട്രംപ് നീക്കം നടത്തുന്നതായി ന്യൂയോര്‍ക്ക് ടൈംസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുട്ടിനു പുറമെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്താന്‍ ട്രംപ് പദ്ധതിയിടുന്നതായാണു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്യന്‍ നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.