കാത്തിരിക്കൂ... ബഹിരാകാശത്ത് കളം പിടിക്കാന്‍ ഇന്ത്യയും

ബഹിരാകാശനിലയത്തില്‍ കുടുങ്ങിപ്പോയ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ സുനിതാ വില്യംസിന്റെ മടക്കയാത്രയും ആരോഗ്യവിവരങ്ങളുമൊക്കെയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്.

author-image
Rajesh T L
New Update
INDIA

ബഹിരാകാശനിലയത്തില്‍ കുടുങ്ങിപ്പോയ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ  സുനിതാ വില്യംസിന്റെ മടക്കയാത്രയും ആരോഗ്യവിവരങ്ങളുമൊക്കെയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ പിഴവ് നാസയുടെ ഭാഗത്തുനിന്നുണ്ടായതാണ് സുനിതയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.

ലോകത്ത് ഇപ്പോള്‍ ബഹിരാകാശ നിലയങ്ങള്‍ രണ്ടെണ്ണമാണുള്ളത്. ഒന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയവും മറ്റൊന്ന് ചൈനയുടെ ബഹിരാകാശ നിലയവും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനൊരുങ്ങുകയാണ് നമ്മുടെ ഇന്ത്യയും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന പേരില്‍ ഇന്ത്യന്‍ ബഹിരാകാശ നിലയം വരുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചിരിക്കുകയാണ്.

സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും വളരെ ശ്രമകരവും പണച്ചെലവുമുള്ള കാര്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഔദ്യോഗികമായി ലഭിച്ചതോടെ 2028ല്‍ നിലയത്തിന്റെ ആദ്യത്തെ മൊഡ്യൂള്‍ വിക്ഷേപിക്കാനാകുമെന്ന് പ്രതീക്ഷക്കുന്നതായി ഐഎസ്ആര്‍ഒയുടെ ഭാഗമായ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ നിലേഷ് എം. ദേശായി വെളിപ്പെടുത്തിക്കഴിഞ്ഞു. 2035 ആകുമ്പോഴേക്കും ബഹിരാകാശ നിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനുകൂടി ഉപയോഗപ്പെടുത്താവുന്ന വിധമാകും ബഹിരാകാശ കേന്ദ്രം വരിക. 2040ല്‍ ഇന്ത്യക്കാരെ ചന്ദ്രനിലിറക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ചന്ദ്രനിലേക്കുള്ള യാത്രക്കിടെയുള്ള ട്രാന്‍സിറ്റ് സ്റ്റേഷനായി ബഹിരാകാശ നിലയം പ്രവര്‍ത്തിക്കുമെന്നാണ് നിലേഷ് ദേശായി പറയുന്നത്. അഞ്ച് മൊഡ്യൂളുകളാകും ഭാരതീയ അന്തരീക്ഷ സ്റ്റേഷനുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 16 മൊഡ്യൂളുകളുണ്ട്.

തുടര്‍ച്ചയായുള്ള ബഹിരാകാശ പദ്ധതികളാണ് ഐഎസ്ആര്‍ഒയുടെ മുന്നിലുള്ളത്. ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വരും വര്‍ഷത്തില്‍ ആദ്യ പരീക്ഷണ വിക്ഷേപണം നടക്കുമെന്നാണ് കരുതുന്നത്. ഇതിനൊപ്പം ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ശുക്രനിലേക്കും ഇന്ത്യ ഓര്‍ബിറ്റല്‍ മിഷന്‍ അയക്കുന്നുണ്ട്. ശുക്രനെ ഭ്രമണം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാനുള്ള ശുക്രയാന്‍ ഒന്ന് ദൗത്യമാണ് മറ്റൊരു പ്രധാന പദ്ധതി. ഇതിനും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. ശുക്രയാന്‍ ഒന്ന് ദൗത്യവും 2028ല്‍ വിക്ഷേപിക്കാനാണ് ശ്രമക്കുന്നത്.

ഭൂമിയേപ്പോലെ തന്നെയുള്ള ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. ഭൂമി രൂപംകൊണ്ട അതേ സാഹചര്യത്തിലാണ് ശുക്രനും രൂപംകൊണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരിക്കല്‍ വാസയോഗ്യമായ സാഹചര്യമായിരുന്നു ശുക്രനിലുണ്ടായിരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശുക്രനേപ്പറ്റിയുള്ള അധികം വിവരങ്ങള്‍ ശാസ്ത്രലോകത്തിനില്ല. ശുക്രനിലെ സാഹചര്യങ്ങള്‍ എങ്ങനെയാണ് മാറിയതെന്ന് കണ്ടെത്തുകയാണ് ശുക്രയാന്‍ ദൗത്യത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. മാത്രമല്ല, കൂടുതല്‍ ഉപകരണങ്ങളുപയോഗിക്കുന്ന ഗ്രഹാന്തര ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള പരിശോധനകളും ഈ ദൗത്യം വഴി നടപ്പിലാകും.

sunitha willams isro nasa