ദമാസ്ക്കസ് : വിമതര്‍ സിറിയ പിടിച്ചെടുത്തെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും എത്തി. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് സഞ്ചരിച്ച വിമാനം റെഡാര്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞു.പിന്നാലെ വിമാനം തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകള്‍ വന്നു.ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് വരുന്നത്. അസദ് സഞ്ചരിച്ച വിമാനം വെടിവച്ചിട്ടെന്നാണ് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനം വെടിവച്ചിട്ടതാകാനാണ് സാധ്യതയെന്ന് ഈജിപ്റ്റിലെ പ്രമുഖ ജേണലിസ്റ്റായ ഖാലിദ് മഹ്മൂദും എക്‌സില്‍ കുറിച്ചു. പെട്ടെന്നു വിമാനം റെഡാറില്‍ നിന്ന് അപ്രത്യക്ഷമായതും ആൾറ്റിറ്റ്യൂഡിൽ പെട്ടെന്നു മാറ്റമുണ്ടായതുമാണ് മഹമൂദ് ചൂണ്ടിക്കാട്ടുന്നത്. 3,650 മീറ്റര്‍ ആൾറ്റിറ്റ്യൂഡിൽ പറക്കുകയായിരുന്ന വിമാനം പെട്ടെന്നു മിനിട്ടുകള്‍ക്കുള്ളില്‍ 1,070 ആൾറ്റിറ്റ്യൂഡിലേക്ക് പതിച്ചു.
ലബനന്‍ പ്രദേശമായ അക്കാറിന് വടക്ക്, ലബനന്റെ വ്യോമമേഖലയ്ക്ക് പുറത്തുവച്ചാണ് ഇങ്ങനെ സംഭവിച്ചത്. വിമാനത്തിന്റെ ത്രീഡീ ഫ്‌ളൈറ്റ് ഡേറ്റ സൂചിപ്പിക്കുന്നത് പ്രകാരം വിമാനം തകര്‍ന്നിരിക്കാമെന്നാണ് മഹ്മൂദ് പറയുന്നത്. എന്നാല്‍, സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല. വിമതര്‍ സിറിയയിലെ പ്രദേശങ്ങള്‍ ഓരോന്നായി കീഴടക്കിയതോടെയാണ് അസദ് രാജ്യം വിട്ടത്. ദമാസ്‌കസില്‍ നിന്ന് വിമാനമാര്‍ഗമാണ് അസദ് അജ്ഞാത സ്ഥലത്തേക്ക് പോയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ദമാസ്‌കസ് വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വിമാനത്തിലായിരുന്നു യാത്ര.
സിറിയയില്‍ 24 വര്‍ഷമായി ബഷര്‍ അല്‍ അസദാണ് ഭരിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ 50 വര്‍ഷമായി അസദ് കുടുംബമാണ് സിറിയയില്‍ ഭരണം കയ്യാളുന്നത്.സിറിയ അസദില്‍ നിന്ന് സ്വതന്ത്രമായതായി വിമതസൈന്യം പ്രഖ്യാപിച്ചു. തലസ്ഥാനമായ ദമാസ്‌കസ് പൂര്‍ണ്ണമായും പിടിച്ചടക്കിയതായും വിമതര്‍ അറിയിച്ചു. തലസ്ഥാനത്തിന് പുറമെ പ്രധാന നഗരങ്ങളും വിമതരുടെ നിയന്ത്രണത്തിലാണ്.
ഒരു സ്വതന്ത്രമായ സിറിയ കാത്തിരിക്കുന്നുവെന്ന് വിമതരുടെ സൈനിക നേതാവ് ഹസന്‍ അബ്ദുല്‍ ഗനി എക്സില്‍ കുറിച്ചു. ഇരുണ്ട യുഗം അവസാനിപ്പിച്ച്, സിറിയയില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നും ഗനി കുറിച്ചു.വിമതരുമായി സഹകരിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറാണെന്ന് സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് ഖാസി അല്‍ ജലാലി വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെ താന്‍ വീട്ടില്‍ തന്നെ തുടരുകയാണെന്ന് വ്യക്തമാക്കിയ ജലാലി പൊതുസ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.ആരും പൊതുസ്ഥാപനങ്ങള്‍ കയ്യേറരുതെന്നും പ്രതികാരനടപടികള്‍ ഉണ്ടാകില്ലെന്നും വിമത നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയോടെ തന്നെ വിമതര്‍ തലസ്ഥാനമായ ദമാസ്‌കസില്‍ എത്തിയിരുന്നു.തുടര്‍ന്ന് വിമതര്‍ ദമാസ്‌കസ് വിമാനത്താവളം പിടിച്ചെടുത്തു. ശനിയാഴ്ച ദേശീയ ടെലിവിഷന്‍ ചാനലിന്റെയും റേഡിയോയുടെയും നിയന്ത്രണവും വിമതര്‍ പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് അസദിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചിരുന്ന ജയിലുകളും വിമതര്‍ പിടിച്ചെടുത്ത് തടവിലുള്ളവരെ മോചിപ്പിക്കുന്നുണ്ട്. കുപ്രസിദ്ധമായ സെഡ്നായ ജയില്‍ വിമതര്‍ പിടിച്ചെടുത്ത് തടവുകാരെ മോചിപ്പിച്ചു.പ്രസിഡന്റ് ദമാസ്‌കസ് വിട്ടെന്ന റിപ്പോര്‍ട്ട് വന്നതോടെ വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് സിറിയന്‍ സൈനികര്‍ സ്വയം പിന്‍മാറിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു