/kalakaumudi/media/media_files/2025/01/30/j8PPMfCUGZcndXeFLKUn.jpg)
U S Flight Accident Photograph: (AFP)
വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം തകര്‍ന്ന് നദിയില്‍ വീണുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ മൊത്തം 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആരെയും ഇതുവരെ ജീവനോടെ കണ്ടെത്താന്‍ ആയില്ല. തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കാന്‍സാസില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് വന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ700 യാത്രാ വിമാനം റെയ്ഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.
റണ്‍വേ 33 ലക്ഷ്യമാക്കി താഴ്ന്നുകൊണ്ടിരുന്ന വിമാനത്തിലേക്ക് അമേരിക്കന്‍ സൈന്യത്തിന്റെ തന്നെ ബ്ലാക്ക്‌ഹോക്ക് സൈനിക ഹെലികോപ്റ്ററാണ് ഇടിച്ചുകയറിയത്. പിന്നാലെ വിമാനവും ഹെലികോപ്റ്ററും കത്തിയെരിഞ്ഞു. വെര്‍ജീനിയയില്‍ നിന്ന് പറന്നുയര്‍ന്ന്പരിശീലന പറക്കല്‍ നടത്തുക ആയിരുന്ന ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത് മൂന്ന് സൈനികരാണെന്നാണ് വിവരങ്ങള്‍.
തണുത്തുറഞ്ഞ പോട്ടോമാക് നദിയിലാണ് വിമാനവും ഹെലികോപ്റ്ററും പതിച്ചത്. നിമിഷങ്ങള്‍ക്കകം തുടങ്ങിയ തെരച്ചില്‍ ഇപ്പോഴും തുടരുന്നു. മുന്നൂറിലേറെ പേര്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് 24 അടി ആഴമുള്ള നദിയില്‍ തിരയുന്നത്. ഇരുട്ടും കൊടും തണുപ്പും ആദ്യ മണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. നടുക്കുന്ന അപകടമാണുണ്ടായതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
വിമാന ദുരന്തങ്ങളില്‍ അത്യപൂര്‍വമാണ് ആകാശത്തെ കൂട്ടിയിടികള്‍. അതുകൊണ്ടുതന്നെ വിശദ അന്വേഷണത്തില്‍ മാത്രമേ അപകട കാരണം വ്യക്തമാകൂ. ഹെലികോപ്റ്ററില്‍നിന്നും വിമാനത്തില്‍നിന്നും അപകടത്തിന് തൊട്ടുമുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി നടത്തിയ സംഭാഷങ്ങളുടെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്.