/kalakaumudi/media/media_files/2025/11/27/whit-2-2025-11-27-09-02-56.jpg)
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ രണ്ടു നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് പരുക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു. അക്രമിയെന്ന് സംശയിക്കുന്ന ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ്.
2021 ല്‍ യുഎസിലേക്ക് എത്തിയ അഫ്ഗാന്‍ പൗരനായ 29 വയസുള്ള റഹ്മാനുള്ള ലകന്‍വാള്‍ ആണ് അക്രമിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ലോറിഡയിലായിരുന്നു. ആക്രമണത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ലക്ഷ്യമിട്ടുള്ള ആക്രമണം എന്നായിരുന്നു ഡിസി മേയര്‍ മുരേല്‍ ബൗസര്‍ പറഞ്ഞത്. വെടിവയ്പ്പിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ നിന്ന് ഏകദേശം രണ്ട് ബ്ലോക്കുകള്‍ അകലെ ഒരു മെട്രോ സ്റ്റേഷന് സമീപമാണ് വെടിവയ്പ് ഉണ്ടായത്. ഉടന്‍ തന്നെ നാഷണല്‍ ഗാര്‍ഡ് സൈനികര്‍ അക്രമിയെ വളഞ്ഞു. പരസ്പരം നടന്ന വെടിവയ്പിനിടെയാണ് ഗാര്‍ഡ് അംഗങ്ങളായ രണ്ടു സൈനികര്‍ക്ക് പരുക്കേറ്റത്. ഇരുവരുടെയും തലയ്ക്കാണ് വെടിയേറ്റത്. പിന്നാലെ അക്രമിയെ സൈനികര്‍ കീഴ്‌പ്പെടുത്തുകയും ചെയ്തു. അക്രമിയുടെ പരുക്ക് ഗുരുതരമല്ലെന്നും മറ്റ് ആരും തന്നെ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.
വൈറ്റ് ഹൗസിന് സമീപം വെടിവയ്പ് ഉണ്ടായതിനെ തുടര്‍ന്ന് വാഷിങ്ടണ്‍ ഡിസിയില്‍ 500 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ കൂടി വിന്യസിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവയ്പിനെ ഭീകരാക്രമണമായി കണക്കിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
